കുതിപ്പോടെ എസ്.ഐ.എഫ്.എൽ; വിറ്റുവരവിൽ സർവകാല റെക്കോഡ്
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): തൃശൂർ അത്താണിയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് (എസ്.ഐ.എഫ്.എൽ) 2025-26 സാമ്പത്തിക വർഷം 86 കോടി രൂപയുടെ വിറ്റുവരവ് എന്ന റെക്കോഡ് നേട്ടവും 10.12 കോടി രൂപയുടെ പ്രവർത്തന ലാഭവും 2.8 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചു. വിറ്റുവരവിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ 12 ശതമാനം വളർച്ചയാണ് കൈവരിച്ചത്. അറ്റാദായവും ഇരട്ടിയാക്കി.
2020 കാലഘട്ടത്തിൽ 45 കോടി രൂപയായിരുന്ന വിറ്റുവരവാണ് അഞ്ച് വർഷം കൊണ്ട് ഇരട്ടിയാക്കിയതെന്ന് ചെയർമാൻ അഡ്വ. ഷെറീഫ് മരയ്ക്കാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 25 കോടിയോളം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് വഴി വിറ്റുവരവ് വർധിപ്പിക്കാനും അടുത്ത സാമ്പത്തിക വർഷം 110 കോടി രൂപയുടെ വിറ്റുവരവ് നേടുന്നതിന് പ്രാപ്തമാക്കാനും കഴിയുമെന്ന് മാനേജിങ് ഡയറക്ടർ കമാൻഡർ പി. സുരേഷ് അറിയിച്ചു.
1984ൽ സ്ഥാപിതമായ എസ്.ഐ.എഫ്.എൽ പൂർണമായും സംസ്ഥാന സർക്കാറിന് കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. ഐ.എസ്.ആർ.ഒയിലേക്കും ഡി.ആർ.ഡി.ഒ, ഡി.എം.ഡി.ഇ, ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ്, ഇന്ത്യൻ നേവി, എച്ച്.എ.എൽ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വേണ്ട വിവിധതരം ഫോർജിങ്സുകൾ വികസിപ്പിച്ചുനൽകാൻ കഴിയുന്ന തരത്തിലേക്ക് 2006 ആയപ്പോഴേക്കും എസ്.ഐ.എഫ്.എൽ എത്തി. 350 പേർക്ക് പ്രത്യക്ഷമായും 300 പേർക്ക് പരോക്ഷമായും തൊഴിൽ നൽകിവരുന്ന കമ്പനിയെ ആശ്രയിച്ച് നിരവധി ചെറുകിട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. അഞ്ചു വർഷത്തിനകം 250 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.
വാർത്തസമ്മേളനത്തിൽ തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റും ഡയറക്ടറുമായ മേരി തോമസ്, ജനറൽ മാനേജർമാരായ പി.കെ. മൻസൂർ, എ. അനിൽ ബോസ്, യൂനിയൻ ഭാരവാഹികളായ യു.കെ. വാസു, ടി.ഡി. പ്രതാപൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

