സിദ്ദീഖ് കാപ്പന് നീതി കിട്ടണം –ഭാര്യ റൈഹാനത്ത്
text_fieldsതിരുവനന്തപുരം: യു.പി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ െവച്ചിരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് നീതി കിട്ടണമെന്ന് അദ്ദേഹത്തിെൻറ ഭാര്യ റൈഹാനത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹത്രാസിലെ ദലിത് പെൺകുട്ടിയുടെ ബലാത്സംഗവും അതിനെത്തുടർന്നുണ്ടായ സാമൂഹിക പ്രശ്നങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യാനാണ് സിദ്ദീഖ് അവിടേക്ക് പോയത്.
വഴിയിൽ തടഞ്ഞ പൊലീസ് ആദ്യം നിസ്സാര വകുപ്പുകളാണ് ചാർജ് ചെയ്തത്. പിന്നീട്, യു.എ.പി.എ അടക്കം ഗുരുതര വകുപ്പുകൾ ചുമത്തി തടവിൽ വെക്കുകയായിരുന്നു.
അഭിഭാഷകരെ കാണാനോ കുടുംബവുമായി ബന്ധപ്പെടാനോ പോലും അനുവദിച്ചില്ല. 90 വയസ്സുള്ള മാതാവും ഭാര്യയും കുട്ടികളുമുള്ള കുടുംബത്തിെൻറ അത്താണിയാണ് സിദ്ദീഖ്. അദ്ദേഹത്തെ അടിയന്തരമായി മോചിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണം. സംസ്ഥാന സർക്കാറും പൊതുസമൂഹവും ശബ്ദമുയർത്തണം.
സുപ്രീം കോടതി സത്യത്തോടൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണെന്നും റൈഹാനത്ത് പറഞ്ഞു.രാഷ്ട്രീയ, ഭരണതലങ്ങളിലെ സമ്മർദങ്ങൾക്കൊപ്പം പൊതുമനഃസാക്ഷി ഉണരുക കൂടി ചെയ്താലേ കാപ്പെൻറ മോചനം സാധ്യമാകൂവെന്നും തിങ്കളാഴ്ച വിഷയം പരിഗണിക്കുന്ന സുപ്രീംകോടതിയിൽ പ്രതീക്ഷയുണ്ടെന്നും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി പറഞ്ഞു.
സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ഭാരവാഹികളായ സോണിയ ജോർജ്, ശ്രീജ നെയ്യാറ്റിൻകര, കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവരും പങ്കെടുത്തു.