ഡീനിനെതിരെ ആരോപണവുമായി സിദ്ധാർഥന്‍റെ കുടുംബം
text_fieldsസിദ്ധാർത്ഥൻ, പിതാവ് ജയപ്രകാശ്
കൽപറ്റ: സിദ്ധാർഥന്റെ മരണത്തെ ആത്മഹത്യയാക്കി മാറ്റാൻ ‘ആത്മാർഥമായി’ സർവകലാശാല ഡീൻ ഡോ. എം.കെ. നാരായണൻ ശ്രമിച്ചെന്ന് അമ്മാവൻ ഷിബു. കുടുംബാംഗങ്ങളെ കണ്ടപ്പോൾതന്നെ, സിദ്ധാർഥന്റെ മരണത്തിൽ ഒരു സംശയവും വേണ്ട, ആത്മഹത്യചെയ്തതു തന്നെയാണെന്നാണ് ഡീൻ തറപ്പിച്ചുപറഞ്ഞുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് വ്യക്തമാക്കി.
തൂങ്ങിമരണം നേരിൽ കണ്ടതുപോലെയാണ് ഡീൻ സംസാരിച്ചത്. ഹോസ്റ്റൽ ശുചിമുറിയിലെത്തിയ ഡീനിന്റെ നേതൃത്വത്തിലാണ് മരിച്ചനിലയിലായിരുന്ന സിദ്ധാർഥനെ അഴിച്ചുമാറ്റിയത്. അതിനുശേഷമാണ് പൊലീസിനെ അറിയിക്കുന്നത്. അവിടെ എന്തു സംഭവിച്ചുവെന്ന് ഡീനിനു മാത്രമാണ് അറിയാൻ സാധിക്കുക. സിദ്ധാർഥൻ മരിച്ചിട്ടും ആ വിവരം കുടുംബത്തെ അറിയിച്ചത് കോളജിലെ പി.ജി സ്റ്റുഡന്റാണ്.
അസ്വാഭാവിക സംഭവം നടന്നിട്ടും വീട്ടുകാരെ കോളജ് അധികൃതർ നേരിട്ട് വിളിച്ചറിയിക്കാതെ വിദ്യാർഥിയെക്കൊണ്ട് വിളിപ്പിച്ചതിൽ ദുരൂഹതയുണ്ട്. ഡീൻ നേരിട്ട് വിളിച്ചാൽ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് കൃത്യമായി വിവരം നൽകാൻ കഴിയില്ലെന്നും തിരുവനന്തപുരത്തുനിന്ന് പിറ്റേന്ന് എത്തുന്ന തങ്ങളോട് കൃത്യമായ ധാരണയിൽ സംസാരിക്കാൻ ഈ സമയം ഡീൻ ഉപയോഗപ്പെടുത്തിയെന്നും ഷിബു ആരോപിക്കുന്നു. സിദ്ധാർഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

