‘സിദ്ധാർഥനെ മർദിച്ചിട്ടുണ്ട്, പക്ഷെ, മൂന്ന് ദിവസം മർദിച്ചിട്ടില്ല, ഭക്ഷണം കൊടുത്തിട്ടുണ്ട്, അവൻ കഴിച്ചിട്ടില്ല... പ്രതികരണവുമായി പൂക്കോട് വെറ്ററിനറി കോളജിലെ ഒരു വിഭാഗം വിദ്യാർഥികൾ
text_fieldsകൽപറ്റ: ‘സിദ്ധാർഥനെ മർദിച്ചിട്ടുണ്ട്, പക്ഷെ, മൂന്ന് ദിവസം മർദനം നടന്നില്ല. ഭക്ഷണം കൊണ്ടുകൊടുത്തിട്ടുണ്ട്, അവൻ കഴിച്ചിട്ടില്ല... ഇതുപോലൊരു പ്രശ്നം ഇതുവരെ കൊണ്ടുപോയിട്ടില്ല. ഇതു റാഗിംങ് അല്ല. സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി കോളജിലെ ഒരു വിഭാഗം വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞതാണിത്. എസ്.എഫ്.െഎയെന്ന് പറഞ്ഞ് മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും വിദ്യാർഥികൾ പറഞ്ഞു.
130 ഓളം വിദ്യാർഥികളുടെ നടുവിൽ വെച്ചായിരുന്നു സിദ്ധാർഥനെ വിചാരണ ചെയ്തതെന്നായിരുന്നു വാർത്തകൾ. സത്യത്തിൽ 130 വിദ്യാർഥികളൊന്നും അവിടെ ഇല്ലായിരുന്നു. അവധി ദിവസമായിരുന്നതിനാല്‍ പകുതി വിദ്യാർഥികളും വീട്ടിലായിരുന്നു. നടുമുറ്റത്ത് സിദ്ധാർഥനെ മർദിക്കുന്നത് പലരും അറിഞ്ഞിട്ടില്ല. എല്ലാവരും ആ സമയത്ത് ഉറങ്ങുകയായിരുന്നു. അർധരാത്രിയാണ് മർദനം നടന്നതെന്നും വിദ്യാർഥികൾ പറയുന്നു. മാധ്യമങ്ങൾ പലതും തോന്നിയതുപോലെ പറയുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു.
വ്യക്തിപരമായ സംഭവമാണിത്. ഇതിൽ ഉൾപ്പെട്ട മൂന്നോ നാലോ പേർ പാർട്ടി ചുമതല അലങ്കരിക്കുന്നവരായതുകൊണ്ട് ഇതിനെ രാഷ്ട്രീയ വത്കരിക്കുകയാണ്. ഇതിൽ രാഷ്ട്രീയമില്ലെന്നും ഇവർ പറയുന്നു. ഇതിനിടെ, വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. മുഖ്യപ്രതിയും കൊല്ലം ഓടനാവട്ടം സ്വദേശിയുമായ സിൻജോ ജോൺസൺ (21) അടക്കമുള്ള പ്രതികളാണ് പൊലീസിന്‍റെ പിടിയിലായത്. ഇതോടെ, കേസിലെ 18 പ്രതികളും അറസ്റ്റിലായി.
സിൻജോ ജോൺസൺ, കാശിനാഥൻ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നിവരാണ് ഇന്ന് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ സിൻജോയെ പൊലീസ് പിടികൂടിയെന്നാണ് വിവരം. കാശിനാഥൻ പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അൽത്താഫ് പിടിയിലാകുന്നത്. കാമ്പസിൽ സിദ്ധാർഥന് നേരെ നടന്ന ആൾക്കൂട്ട വിചാരണക്കും മർദനത്തിനും നേതൃത്വം നൽകിയത് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് പിതാവ് ടി. ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടിൽ അരുൺ (23), എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നിൽ ഏരി വീട്ടിൽ അമൽ ഇഹ്സാൻ (23)കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലിൽ എൻ. ആസിഫ് ഖാൻ(23) എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 18 പേരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇന്നലെ ബിൽഗേറ്റ് ജോഷ്വാ, എസ്. അഭിഷേക് (കോളജ് യൂനിയൻ സെക്രട്ടറി), ഡി. ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ആർ.ഡി. ശ്രീഹരി എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നു.
ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.
മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

