സിദ്ധാർഥന്റെ മരണം: നഷ്ടപരിഹാരത്തുക പിൻവലിക്കാൻ അനുമതി; കുപ്രചാരണത്തിനെതിരെ മാതാവിന്റെ സത്യവാങ്മൂലം
text_fieldsസിദ്ധാർഥ്
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തെത്തുടർന്ന് നഷ്ടപരിഹാരമായി ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ട ഏഴുലക്ഷം രൂപ കുടുംബത്തിന് പിൻവലിക്കാൻ ഹൈകോടതി ഉപാധികളോടെ അനുമതി നൽകി.
2024 ഒക്ടോബർ ഒന്നിലെ കമീഷൻ ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ഈ ഹരജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്നതാണ് ഉപാധി. തുക പിൻവലിക്കാൻ അനുവദിച്ചതിനെ സർക്കാർ എതിർത്തെങ്കിലും കോടതി തള്ളി.
ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതിയുടെ നിവേദനത്തിലാണ് നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാറിന്റെ ഹരജി വൈകിയതിനെത്തുടർന്ന് ഏഴുലക്ഷം രൂപ ഹൈകോടതിയിൽ കെട്ടിവെക്കാൻ നേരത്തേ കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് സർക്കാർ കെട്ടിവെച്ച തുക പിൻവലിക്കാനാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. അതേസമയം, സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവർ ഇപ്പോഴും മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നാരോപിച്ച് ഹരജിയിൽ കക്ഷിചേർന്ന മാതാവ് എം.ആർ. ഷീബ സത്യവാങ്മൂലം സമർപ്പിച്ചു.
ഏഴുലക്ഷംകൊണ്ട് നികത്താവുന്ന നഷ്ടമല്ല തങ്ങൾക്കുണ്ടായത്. എന്നാൽ, മകൻ നഷ്ടപ്പെട്ടത് ഈ തുകയിലൂടെ പരിഹരിക്കാൻ ഒരുക്കമാണെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

