Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ധാർഥിന്‍റെ മരണം:...

സിദ്ധാർഥിന്‍റെ മരണം: വെറ്ററിനറി വി.സിയുടെ സസ്​പെൻഷൻ ഹൈകോടതി ശരിവെച്ചു,‘ആത്മഹത്യയിലേക്ക്​ നയിച്ച സംഭവം അതിഗുരുതരമാണ്​’

text_fields
bookmark_border
Siddharths death
cancel

കൊച്ചി: കേരള വെറ്ററിനറി സർവകലാശാല വൈസ്‌ ചാൻസലറായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ചാൻസലർ കൂടിയായ ഗവർണറുടെ ഉത്തരവ്​ ഹൈകോടതി ശരിവെച്ചു. പൂക്കോട്‌ വെറ്ററിനറി കോളജ്​ വിദ്യാർഥി ജെ.എസ്‌. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച്​ സസ്​പെൻഡ്​ ചെയ്ത നടപടി​ ചോദ്യംചെയ്ത്​ ശശീന്ദ്രനാഥ് നൽകിയ ഹരജി തള്ളിയാണ്​ ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്മാന്‍റെ ഉത്തരവ്​.

വെറ്ററിനറി സർവകലാശാല നിയമപ്രകാരം സസ്​പെൻഡ്​ ചെയ്യാൻ ചാൻസലർക്ക്​ അധികാരമില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ഡീനിന്‍റെ മേൽനോട്ടത്തിലുള്ള അഫിലിയേറ്റഡ്​ കോളജിൽ നടന്ന സംഭവത്തിൽ താൻ ഉത്തരവാദിയല്ല. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അറിഞ്ഞപ്പോൾ അന്വേഷണത്തിന്​ ഡീനിനോട്​​ നിർദേശിക്കുകയും ഉത്തരവാദികളായ വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്യുകയും ചെയ്തു. അതിനാൽ, കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ഹരജിക്കാരൻ വാദിച്ചു. എന്നാൽ, നിയമനാധികാരി എന്ന നിലയിൽ മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ സസ്​പെൻഡ്​​ ചെയ്യാൻ അധികാരമുണ്ടെന്ന്​ സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച്​ ചാൻസലർ വാദിച്ചു. ചാൻസലറും വൈസ്​ ചാൻസലറും തമ്മിൽ തൊഴിലുടമ-തൊഴിലാളി ബന്ധം നിലവിലില്ലാത്തതിനാൽ വി.സിയെ സസ്​പെൻഡ്​ ചെയ്യാൻ ചാൻസലർക്ക്​ അധികാരമില്ലെന്ന്​ സർക്കാറും ചൂണ്ടിക്കാട്ടി.

അധികാര ദുരുപയോഗം, സ്വഭാവദൂഷ്യം,​ ഫണ്ട്​ വിനിയോഗത്തിലെ കെടുകാര്യസ്ഥത തുടങ്ങിയ കാരണങ്ങളുടെ അടിസ്ഥാനത്തിൽ വി.സിയെ സസ്​പെൻഡ്​ ചെയ്യാൻ വെറ്ററിനറി സർവകലാശാല നിയമത്തിലെ 9(9), 12(8)(1) പ്രകാരം ചാൻസലർക്ക്​ അധികാരമുണ്ടെന്ന്​ കോടതി നിരീക്ഷിച്ചു. ചാൻസലർക്ക്​ അധികാരം നൽകുന്ന കാരണങ്ങളുടെ പരിധിയിൽ വരുന്നതാണ്​ വി.സിക്കെതിരായ ആരോപണങ്ങൾ. ഡീനിന്‍റെ ചുമതലയിലുള്ള കോളജിലാണ്​ സംഭവം നടന്നതെന്ന്​​ അംഗീകരിച്ചാലും സർവകലാശാലക്കകത്ത്​ ഹരജിക്കാരന്‍റെ ഓഫിസ്​ ഇരിക്കുന്ന വളപ്പിനകത്താണ്​ ഈ കോളജെന്ന കാര്യം അവഗണിക്കാനാവില്ല. ഫെബ്രുവരി 16 മുതൽ സിദ്ധാർഥൻ​ മറ്റ്​ കുട്ടികളുടെ മുന്നിൽവെച്ച്​ പീഡനത്തിനിരയാവുകയാണ്​. 18 വ​രെ തുടർന്നു. ആത്മഹത്യയിലേക്ക്​ നയിച്ച സംഭവം അതിഗുരുതരമാണ്​. ആന്‍റിറാഗിങ്​ സെല്ലിന്‍റെ പരാതി ലഭിക്കുന്ന ഫെബ്രുവരി 21 വ​രെ അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടിയുണ്ടായില്ലെന്നും മൃതദേഹത്തിൽ മുറിവുകളുണ്ടായിട്ടും അധികൃതർ ഗൗരവത്തിലെടുത്തില്ലെന്നുമുള്ള ചാൻസലറുടെ വാദവും കോടതി ശരിവെച്ചു. ഹോസ്റ്റലിൽ സിദ്ധാർഥ്​ പീഡനത്തിനിരയായത്​ അധികൃതർ അറിഞ്ഞില്ലെന്ന വാദം അവിശ്വസനീയമാണ്​.

ഹരജിക്കാരൻ അടക്കമുള്ള അധികൃതരുടെ വീഴ്ചയും കെടുകാര്യസ്ഥതയും വ്യക്തമാണ്​. അതിനാൽ, സംഭവത്തിൽ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണവും ഉത്തരവാദികളായവരെ നിയമത്തിന്​ മുന്നിലെത്തിക്കേണ്ടതും അനിവാര്യമാണ്​. തൊഴിലുടമ-തൊഴിലാളി ബന്ധമില്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ സ്വത​​ന്ത്രവും ഫലപ്രദവുമായ അന്വേഷണത്തിന്​ തടസ്സമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി വി.സിയെ അന്വേഷണം തീരുംവരെ സ്ഥാനത്തുനിന്ന്​ മാറ്റിനിർത്താനുള്ള അധികാരവും ബാധ്യതയും ചാന്‍സലർക്കുണ്ട്​. സസ്​പെൻഷൻ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തീരുംവരെ വി.സി എന്ന തരത്തിലുള്ള ജോലികൾ ​ചെയ്യരുത്​ എന്ന നിർദേശമാണ്​ ചാൻസലർ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന്​ തന്‍റെ വാദങ്ങളെല്ലാം അന്വേഷണ ഘട്ടത്തിൽ വ്യക്തമാക്കാമെന്ന അവകാശം നിലനിർത്തിയാണ്​ ഹരജി തീർപ്പാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtSiddharth Death Wayanad
News Summary - Siddharth's death: High Court upholds suspension of veterinary VC
Next Story