Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കേരളീയം' രാഷ്ട്രീയ...

'കേരളീയം' രാഷ്ട്രീയ സംവാദങ്ങൾക്കും ചർച്ചകൾക്കുമുള്ള ഇടമെന്ന് സിദ്ധാർഥ് വരദരാജൻ

text_fields
bookmark_border
കേരളീയം രാഷ്ട്രീയ സംവാദങ്ങൾക്കും ചർച്ചകൾക്കുമുള്ള ഇടമെന്ന് സിദ്ധാർഥ് വരദരാജൻ
cancel

തിരുവനന്തപുരം: സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങൾക്കും ചർച്ചകൾക്കുമുള്ള ഇടമാണ് കേരളീയമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമസെമിനാറിൽ പങ്കെടുക്കാനെത്തിയപ്പോൾ കേരളീയത്തിന് ആശംസ നേർന്ന് സംസാരിക്കുകയായിരുന്നു ദ വയർ പോർട്ടലിന്റെ സ്ഥാപക എഡിറ്ററും ദ ഹിന്ദു ദിനപത്രത്തിന്റെ മുൻ എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ താത്പര്യപൂർവം കാണേണ്ട മാതൃകയാണ് കേരളീയം എന്ന ആശയം. കേരളീയത്തിന് വിവിധ വശങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ആശയങ്ങളുടെയും ചർച്ചകളുടെയും ആരോഗ്യകരമായ മത്സരത്തിന് കൂടി കേരളീയം വേദിയാകും. മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്ന സംസ്ഥാനമായാണ് ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ കേരളത്തെ കാണുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയുമടക്കം ഉൾക്കൊള്ളുന്ന, മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനം. രാഷ്ട്രീയക്കാരും പോലീസും മാധ്യമസ്വാതന്ത്ര്യത്തിൽ ഇടപെടാത്ത സംസ്ഥാനം. മാധ്യമപ്രവർത്തകർക്കെതിരായ നിയമനടപടികൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഒരു ട്രെൻഡായി വളരുമ്പോൾ കേരളത്തെ ഇത്തരം സംഭവങ്ങളുണ്ടാകാത്ത സ്ഥലമെന്ന നിലയിൽ വളരെ പ്രതീക്ഷയോടെയാണ് മാധ്യമപ്രവർത്തകർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക മുന്നേറ്റത്തിനും മാനുഷിക പരിഗണനയ്ക്കും മുൻഗണന നൽകുന്നതാണ് കേരള വികസന മാതൃക. എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പാക്കാതെ, ശുചിത്വം, നഗര ഗതാഗതം, പാർപ്പിടം, മത്സ്യത്തൊഴിലാളി ക്ഷേമം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ വളർച്ചയും വികസനവും കൈവരിക്കാൻ കഴിയില്ല. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സാമൂഹികനീതി, സ്ത്രീകളുടെ അവകാശങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന നയങ്ങളാണ് കേരള മാതൃകയുടെ സവിശേഷത. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു ഭിന്നമായ സ്ഥിതിവിശേഷമാണിത്- സിദ്ധാർഥ് വരദരാജൻ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് മാധ്യമപ്രവർത്തകരും പൊതുജനങ്ങളുമാണ് തീരുമാനിക്കേണ്ടത്. സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമാകണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. സ്വതന്ത്ര മാധ്യമങ്ങളില്ലാതെ രാജ്യത്തിനോ സംസ്ഥാനങ്ങൾക്കോ വികസനം സാധ്യമാവില്ല. രാഷ്ട്രീയ ശക്തികളും സാമൂഹ്യശക്തികളും ഇന്ത്യയിലുടനീളം വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുമ്പോൾ കേരളം ഇതുവരെ അതിനെതിരെ ചെറുത്തു നിന്നു.

വിഭാഗീയ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരായ കേരളീയ ജനതയുടെ ചെറുത്തുനിൽപ്പ് വളരെ പ്രധാനമാണ്. മുൻകാലങ്ങളിൽ കേരളം ചെയ്തതുപോലെ ആശയപരമായ യുദ്ധത്തിലൂടെ വർഗീയ ശക്തികളെ മറികടക്കാൻ കഴിയണം. അതുകൊണ്ടാണ് കേരളത്തിന് സ്വന്തമായ ഒരു മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളേക്കാൾ അതിവേഗം മുന്നേറുകയാണ് കേരളം എന്നാണ് സാമൂഹ്യ സൂചകങ്ങൾ വ്യക്തമാക്കുന്നത്. ഈ പാരമ്പര്യത്തിന്റെ തുടർച്ചയാണ് കേരളീയം ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siddharth Varadarajankeraleeyam
News Summary - Siddharth Varadarajan says that 'Keraliyam' is a place for political debates and discussions
Next Story