വ്യാജ പീഡനക്കേസ്, അക്രമം..; എസ്.എഫ്.ഐയുടെ ആദ്യ ഇരയല്ല സിദ്ധാർഥൻ
text_fieldsവൈത്തിരി: വഴങ്ങാത്തവരെ ഏതുവിധേനയും ഇല്ലാതാക്കുന്ന രീതിയാണ് വെറ്ററിനറി കോളജിൽ എസ്.എഫ്.ഐക്കെന്ന് ഒരു വിഭാഗം വിദ്യാർഥികൾ ആരോപിക്കുന്നു. അവസാന ഇരയാണ് സിദ്ധാർഥൻ. ഒരുവർഷം മുമ്പ് ബി.വി.എസ്.സി വിദ്യാർഥിക്കെതിരെ സംഘടന നേതാക്കൾ വ്യാജ പീഡനക്കേസ് ആരോപിച്ചതിനു പിന്നാലെ അധികൃതർ കടുത്ത നടപടി സ്വീകരിച്ചിരുന്നു. ഇതിലും പാർട്ടിയുടെ അനിഷ്ടമാണെന്ന് ആരോപണമുണ്ട്.
തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിക്കാണ് ദുരനുഭവമുണ്ടായത്. സി.പി.ഐ വിദ്യാർഥി വിഭാഗമായ എ.ഐ.എസ്.എഫുമായുള്ള ബന്ധം വിടാതിരുന്ന വിദ്യാർഥിക്കെതിരെ സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസുണ്ടെന്ന് വ്യക്തമാക്കി, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ആദ്യം മാനസികപീഡനം തുടങ്ങിയത്. പെൺകുട്ടിയെക്കൊണ്ട് പിന്നീട് പരാതി എഴുതിവാങ്ങുകയും ചെയ്തു.
കടുത്ത നടപടിയെടുത്ത് ഉത്തരവിറക്കിയതോടെ, സിദ്ധാർഥന്റെ ബാച്ചിൽ പഠിച്ച ഇദ്ദേഹം മാനസികമായി തകർന്നു. എന്നാൽ, കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതി ഇടപെടലിൽ കേസ് തള്ളുകയും നിരപരാധിയാണെന്ന് വിധിക്കുകയുമായിരുന്നു. കേസ് കൊടുത്തവർ കുടുങ്ങുമെന്നായപ്പോൾ എല്ലാവരും തടിയൂരി. നടപടി അവസാനിപ്പിക്കുകയും പെൺകുട്ടിയുടെ പരാതി പിൻവലിപ്പിക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധി കഴിഞ്ഞ കാലത്ത് ആലുവയിലെ പ്രമുഖ കോൺഗ്രസുകാരന്റെ മകൻ പി.ജിക്ക് ചേരുകയും മൂന്നുപേരെ സംഘടിപ്പിച്ച് കെ.എസ്.യു യൂനിറ്റ് രൂപവത്കരിക്കുകയും ചെയ്തു. അതോടെ എസ്.എഫ്.ഐക്കാർ പി.ജി വിദ്യാർഥിയെ അടിച്ചൊതുക്കി. കെ.എസ്.യു യൂനിറ്റ് പിരിച്ചുവിടുകയും ചെയ്തു.
പൂക്കോട് കാമ്പസിൽ അധ്യാപകരെ നിയന്ത്രിക്കുന്നതുപോലും എസ്.എഫ്.ഐക്കാരാണ്. ആരെ എവിടെ നിയമിക്കണമെന്നതുപോലും നേതാക്കളാണ് തീരുമാനിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. എസ്.എഫ്.ഐ നേതാക്കളെ പ്രീണിപ്പിക്കാനും സ്വന്തം സ്ഥാനം നിലനിർത്താനും ഉന്നതർ അടക്കമുള്ളവർ കൂട്ടുനിൽക്കുകയാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

