നമ്പിനാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന വാദത്തിലുറച്ച് സിബി മാത്യൂസ്
text_fieldsതിരുവനന്തപുരം: നമ്പിനാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന വാദത്തിലുറച്ച് സിബി മാത്യൂസ്. ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് പറയുന്നു. ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ നടന്ന വാദത്തിലാണ് ഇക്കാര്യം ആവർത്തിച്ചത്. ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് തന്റെ നേതൃത്വത്തിലുള്ള പൊലീസ് സേനയുടെ താൽപര്യപ്രകാരമല്ല. ഐബിയും റോയും നൽകിയ നിർദേശത്തിലാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം ആവർത്തിച്ചു.
കഴിഞ്ഞയാഴ്ച ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെയാണ് നടത്തിയതെന്ന് സി.ബി.ഐ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഗൂഡാലോചനയുടെ മുഖ്യകണ്ണികൾ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തിയിരുന്നു. പ്രതികളായ ഉദ്യോഗസ്ഥർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സാധീനിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്.ബി. ശ്രീകുമാറും ഉൾപ്പടെ 18 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാലാം പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന സിബി മാത്യൂസ് ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തിരുന്നു.ഇതിന്റെ വാദത്തിനിടയിലാണ് സിബി മാത്യൂസ് ഇക്കാര്യം ആവർത്തിച്ചത്.

