എസ്.ഐ തസ്തിക: ട്രാൻസ് ജെൻഡർ ഉദ്യോഗാർഥിയുടെ അപേക്ഷ പരിഗണിക്കണം -ഹൈകോടതി
text_fieldsകൊച്ചി: സായുധ പൊലീസ് സേനയിലെ എസ്.ഐ തസ്തികയിലേക്ക് ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥി നൽകിയ അപേക്ഷ താൽക്കാലികമായി പരിഗണിക്കാനുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) ഉത്തരവ് ഹൈകോടതി ശരിവെച്ചു. ഇടുക്കി സ്വദേശിയായ അർജുൻ ഗീതയുടെ അപേക്ഷ പരിഗണിക്കാനുള്ള ട്രൈബ്യൂണലിന്റെ താൽക്കാലിക ഉത്തരവ് ചോദ്യം ചെയ്ത് പബ്ലിക് സർവിസ് കമീഷൻ നൽകിയ ഹരജി ജസ്റ്റിസ് എസ്.വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളി.
ട്രാൻസ്ജെൻഡർ വിഭാഗക്കാരെ അനാവശ്യമായി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കാതെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ സർക്കാർ പരിശോധന നടത്തേണ്ടതുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. ഇടുക്കി ജില്ല കലക്ടർ നൽകിയ ട്രാൻസ്മാൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പുരുഷൻമാരിൽനിന്ന് മാത്രം അപേക്ഷ ക്ഷണിച്ച എസ്.ഐ തസ്തികയിലേക്ക് അർജുൻ ഗീത അപേക്ഷ നൽകിയത്. എന്നാൽ, ട്രാൻസ്ജെൻഡർ വ്യക്തികളുടെ ശാരീരികക്ഷമത രേഖപ്പെടുത്താൻ പ്രത്യേക കോളം ഉണ്ടായിരുന്നില്ല. ട്രാൻസ്മെൻ സർട്ടിഫിക്കറ്റായതിനാൽ സ്ത്രീകൾക്ക് വേണ്ടിയുള്ള തസ്തികകളിൽ അപേക്ഷിക്കാനും കഴിയില്ല.
ഈ സാഹചര്യത്തിലാണ് കെ.എ.ടിയെ സമീപിച്ചത്. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാവുന്ന തസ്തികയിലേക്ക് ട്രാൻസ്ജെൻഡർ വിഭാഗക്കാരന്റെ അപേക്ഷ പരിഗണിക്കാനുള്ള കെ.എ.ടി നിർദേശം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി ഹൈകോടതിയെ സമീപിച്ചത്.എന്നാൽ, ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമ പ്രകാരം തൊഴിലിനുള്ള അവസരം നിഷേധിക്കാനാകില്ലെന്ന് ഉദ്യോഗാർഥിയുടെ അഭിഭാഷക വാദിച്ചു. ഈ വാദം കൂടി പരിഗണിച്ചാണ് കോടതി ഉത്തരവുണ്ടായത്.
അപേക്ഷ താൽക്കാലികമായി പരിഗണിക്കാനാണ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചത്. പുരുഷന്മാർക്ക് നീക്കിവെച്ച തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ട്രാൻസ്മാന് നിഷേധിക്കുന്നത് അവരുടെ അവകാശ സംരക്ഷണ നിയമത്തിന് വിരുദ്ധമാകും. ഭരണഘടനയുടെയും പാർലമെന്റ് പാസാക്കിയ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കെ.എ.ടി ഉത്തരവെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

