രാജ്യത്താദ്യമായി ഇ-പാസിങ് ഔട്ട് പരേഡ്; പുറത്തിറങ്ങിയത് 104 പേർ
text_fieldsതൃശൂർ: രാജ്യത്താദ്യമായി ഓൺലൈനിൽ സബ് ഇൻസ്പെക്ടർമാർക്കായി പാസിങ് ഔട്ട് പരേഡ് നടത്തി രാമവർമപുരം കേരള പൊലീസ് അക്കാദമി. അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ഇ-പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളാണെന്നും അവ സേവനകേന്ദ്രങ്ങൾ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാംമുറ അനുവദിക്കില്ലെന്നും അതിന് ശ്രമിക്കുന്നവർക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒമ്പത് മാസത്തെ തീവ്ര പരിശീലനം പൂർത്തിയാക്കിയാണ് പൊലീസ് സേനയിലെ 29 ബി, 30 ബാച്ചുകൾ പുറത്തിറങ്ങിയത്. പൊലീസ് അക്കാദമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യവുമൊരുക്കിയിരുന്നു.
ആദ്യബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 44 പേരുമാണുള്ളത്. 14 പേർ വനിതകളാണ്. ഡി.ജി.പി ലോക്നാഥ് ബെഹ്റ, അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി (ട്രെയിനിങ്) നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.