ബോഡി മസാജിങ്ങിന് പോയ വിവരം ഭാര്യയോട് പറയും, സി.പി.ഒയെ ഭീഷണിപ്പെടുത്തി എസ്.ഐ തട്ടിയെടുത്തത് നാല് ലക്ഷം രൂപ
text_fieldsകൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന് എസ്.ഐക്കെതിരെ കേസ്. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ ബിജുവിനെതിരെ കേസെടുത്തു. ഇടപ്പള്ളിയില്‍ പ്രവർത്തിക്കുന്ന സ്പായിലെ ജീവനക്കാരി രമ്യ, ഇവിടുത്തെ ജീവനക്കാരൻ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ബോഡി മസാജിങ്ങിന് പോയ വിവരം ഭാര്യയോടു പറയും എന്ന് ഭീഷണിപ്പെടുത്തിയാണ് നാല് ലക്ഷം രൂപ എസ്.ഐ കൈക്കലാക്കിയത്.
കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചരയോടെ സ്പായിലെത്തി ഇയാൾ ബോഡി മസാജ് ചെയ്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പിറ്റേന്ന് രാവിലെ 10 മണിയോടെ ജീവനക്കാരിയായ രമ്യ പൊലീസുകാരനെ വിളിച്ചു. മസാജ് ചെയ്യുന്ന സമയത്ത് താൻ ഊരിവച്ചിരുന്ന മാല ഇപ്പോൾ കാണുന്നില്ലെന്നും മാലയോ അല്ലെങ്കിൽ പണമായി ആറര ലക്ഷം രൂപയോ നൽകണമെന്നും ആവശ്യപ്പെട്ടു.
പണമില്ലെന്നും കേസ് കൊടുക്കാനുമായിരുന്നു പൊലീസുകാരൻ പറഞ്ഞത്. പിന്നാലെ രണ്ടാം പ്രതി ഷിഹാം നിരന്തരമായി ബന്ധപ്പെട്ട് ഭാര്യയേയും ബന്ധുക്കളേയും അറിയിച്ച് നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു.
ഈ വിഷയത്തിലാണ് എസ്.ഐ ബിജു ഇടനിലക്കാരനായി ഇടപെട്ടത്. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് എസ്.ഐ സി.പി.ഒയെ പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സി.പി.ഒ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്.ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കേസില്‍ സ്പാ നടത്തുന്ന യുവതിയടക്കം മൂന്ന് പേര്‍ പ്രതികളാണ്. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവാണ് കേസിലെ ഒന്നാം പ്രതി. ബൈജുവിനെ നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ നടപടിയുണ്ടാവുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

