ബാറിൽനിന്ന് പിടിയിലായ ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ടു; എസ്.ഐക്ക് പരിക്ക്, ജനൽച്ചില്ലുകൾ തകർത്തു
text_fieldsകൊടുങ്ങല്ലൂർ: ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റേറഷനിൽ അക്രമാസക്തരായി. തടയാൻ ശ്രമിച്ച എസ്.ഐയെ മർദിച്ചു.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കൊടുങ്ങല്ലൂർ തെക്കേ നടയിലെ അശ്വതി ബാറിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എടവിലങ്ങ് പൊടിയൻ ബസാർ കുന്നത്ത് രഞ്ജിത്ത് (37) വാലത്ത് വികാസ് (31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബി.ജെ.പിക്കാരായ ഇവരെ സ്റേറഷനിൽ എത്തിച്ചതിന് പിന്നാലെ അക്രമാസക്തരാവുകയായിരുന്നു.
സ്‌റ്റേഷനിലെ ജനൽ ചില്ല് അടിച്ചു തകർത്ത സംഘം എസ്.ഐ കെ. അജിത്തിനെ അക്രമിക്കുകയായിരുന്നു. കസേരകൊണ്ടാണ് ജനൽചില്ല് അടിച്ചുതകർത്തത്. ഇതുതടാനെത്തിയപ്പോഴാണ് എസ്.ഐക്ക് മർദനമേറ്റതെന്ന് പൊലീസ് പറഞ്ഞു. ബാക്കി പൊലീസുകാർ യുവാക്കളെ പിടിച്ചുമാറ്റുകയായിരുന്നു. കൈക്ക് പരിക്കേറ്റ എസ്.ഐ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.