ശമ്പളം നൽകാനാകില്ലെങ്കിൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടൂ- ഹൈകോടതി
text_fieldsകൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാനാകുന്നില്ലെങ്കിൽ കെ.എസ്.ആർ.ടി.സി പൂട്ടിക്കൊള്ളൂവെന്ന് ഹൈകോടതി. പരിഷ്കരണ നടപടികൾ നടപ്പാക്കാൻ അനുവദിച്ചില്ലെങ്കിൽ ശമ്പളം ലഭിക്കുന്നതെങ്ങനെയെന്ന് ജീവനക്കാരോടും ജസ്റ്റിസ് സതീഷ് നൈനാൻ ആരാഞ്ഞു. ജനുവരിയിലെ ശമ്പളം ഫെബ്രുവരി 15നകം നൽകുമെന്നും ശമ്പള വിതരണത്തിന് സർക്കാർ സഹായം ഏപ്രിൽ മുതൽ ലഭിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചപ്പോഴാണ് സിംഗിൾ ബെഞ്ചിന്റെ വാക്കാലുള്ള പരാമർശമുണ്ടായത്.
26 ലക്ഷത്തോളം യാത്രക്കാരുടെയും ഏകദേശം 26,000 ജീവനക്കാരുടെയും ആശ്രയമാണിതെന്ന് കെ.എസ്.ആർ.ടി.സി അഭിഭാഷകൻ വ്യക്തമാക്കിയപ്പോൾ യാത്രക്കാർ മറ്റ് സൗകര്യങ്ങൾ തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി. ശമ്പളം വൈകുന്നതിനെതിരെ ഏതാനും ജീവനക്കാർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നുവെന്നും ഇത് പിന്നീട് 10 വരെ നീട്ടിയിട്ടും ജനുവരിയിലെ ശമ്പളം കിട്ടിയില്ലെന്നും ഹരജിക്കാർ ബോധിപ്പിച്ചു. വി.ആർ.എസ് നൽകിയാൽ സ്വീകരിക്കാൻ തയാറാണെന്നും പറഞ്ഞു. തുടർന്നാണ് ഫെബ്രുവരി 15നകം ശമ്പളം നൽകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചത്.
കെ.എസ്.ആർ.ടി.സി അഭിമുഖീകരിക്കുന്ന വിഷയങ്ങളുന്നയിച്ചുള്ള സത്യവാങ്മൂലവും ഡ്യൂട്ടി പാറ്റേൺ ചോദ്യം ചെയ്തുള്ള ഹരജികളും കോടതിയിലുണ്ട്. ആറുമാസമായി സർക്കാറിൽനിന്ന് പ്രതിമാസം 50 കോടി രൂപവീതം ലഭിച്ചിരുന്നു. ഈമാസം 30 കോടിയാണ് ഇതുവരെ ലഭിച്ചത്. ശമ്പളത്തിന്റെ 45 - 50 ശതമാനം എല്ലാമാസവും അഞ്ചിനു മുമ്പ് നൽകാമെന്നും ബാക്കിത്തുക സർക്കാർ 50 കോടി കൈമാറുന്നതിന്റെ തൊട്ടടുത്ത ദിവസം നൽകാമെന്നുമാണ് കഴിഞ്ഞദിവസം സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നത്. വരുമാനം വർധിപ്പിക്കാനുള്ള കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ ഒരു നടപടിയിലും ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി, ശമ്പളം എന്നു വിതരണം ചെയ്യാൻ കഴിയുമെന്നാണ് അറിയേണ്ടതെന്ന് പറഞ്ഞു. അടുത്ത ബുധനാഴ്ചക്കകം നൽകാമെന്ന് കോർപറേഷൻ മറുപടി നൽകി. ഇത് പാലിക്കാൻ വാക്കാൽ നിർദേശിച്ച കോടതി, ഹരജികൾ ഫെബ്രുവരി 15ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

