Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇത് നിന്റെ ഉമ്മയാണ് മോനേ...!’ പകർത്തിയത് പാളത്തിൽ ചിന്നിച്ചിതറിയ സ്വന്തം ഉമ്മയുടെ ചിത്രം; ശുഹൈബ്, മരിച്ചവരുടെ സ്വന്തം ഫോട്ടോഗ്രാഫർ

text_fields
bookmark_border
‘ഇത് നിന്റെ ഉമ്മയാണ് മോനേ...!’ പകർത്തിയത് പാളത്തിൽ ചിന്നിച്ചിതറിയ സ്വന്തം ഉമ്മയുടെ ചിത്രം; ശുഹൈബ്, മരിച്ചവരുടെ സ്വന്തം ഫോട്ടോഗ്രാഫർ
cancel
camera_alt

ശുഹൈബ് മോർച്ചറിക്ക് മുന്നിൽ

കണ്ണൂർ: ട്രെയിൻ തട്ടി മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രമെടുക്കാനാണ് ശുഹൈബിന് അന്ന് ലഭിച്ച സന്ദേശം. പാളത്തിൽ ചിന്നിച്ചിതറിയ അജ്ഞാതയുടെ പടം കാമറയിൽ പകർത്തി. നേരേ സ്റ്റുഡിയോയിലേക്ക് കുതിച്ചു. ഫോട്ടോപ്രിന്റ് കണ്ട ഉപ്പയുടെ അനുജൻ മുസ്തഫ ഒന്നു ഞെട്ടി. ‘ഇത് നിന്റെ ഉമ്മയാണ് മോനേ’- അദ്ദേഹം പറഞ്ഞു.

ഉമ്മയെ കണ്ട ഓർമയില്ലെങ്കിലും ശുഹൈബ് ഒരുനിമിഷം തരിച്ചുനിന്നു. ഒരുവയസ്സുള്ളപ്പോൾ ഉപേക്ഷിച്ചുപോയ പെറ്റമ്മയാണിതെന്ന് ഉപ്പയുടെ അനുജൻ വീണ്ടും പറഞ്ഞപ്പോൾ മുഖംപോലും അറിയാത്ത ഉമ്മക്ക് വേണ്ടി കരഞ്ഞു. ഇത്തരമൊരു ചിത്രം പകർത്തിയ ലോകത്തെ ഏക ഫോട്ടോഗ്രാഫറും താനായിരിക്കുമെന്ന് ശുഹൈബ് നെടുവീർപ്പിട്ടു. 21ാം വയസ്സിലാണ് ആ കണ്ണീർപടം.

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പകർത്താനല്ല ശുഹൈബിന്റെ നിയോഗം. പരേതരുടെ ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ഫോക്കസ്. അതും അസ്വാഭാവിക മരണം സംഭവിച്ചവരുടേത്. കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയാണ് തൊഴിലിടം. ജില്ലയിൽ എവിടെ അസ്വാഭാവിക മരണമുണ്ടായാലും പൊലീസ് ആദ്യം വിളിക്കുക ശുഹൈബിനെ. റോഡരികിലും പാളത്തിലും പുഴയിലും മരിച്ചവരുടേതിനു പുറമെ പോസ്‌റ്റുമോർട്ടം വരെ ശുഹൈബ് പകർത്തണം.

17ാം വയസ്സിൽ കാമറയുമായി ഇറങ്ങിയതാണ് മോർച്ചറിയിലേക്ക്. 55ാം വയസ്സിലും പൊലീസിനുവേണ്ടി ജോലി ചെയ്യുന്നു. ഒരിക്കൽ കോഴിക്കോട് താമരശ്ശേരി താലൂക്കാശുപത്രിയിൽ പുഴയിൽ മുങ്ങിമരിച്ച യുവാവിന്റെ ഫോട്ടോ എടുക്കാൻ പൊലീസിനൊപ്പം പോയി. കാമറ ക്ലിക്ക് ചെയ്തതോടെ ഞെട്ടലുണ്ടായി. മൃതദേഹം നേരെ നോക്കി. മരിച്ചത് തന്റെ ഉറ്റ സുഹൃത്ത്. ജന്മദിനത്തിൽ സമ്മാനിച്ച മോതിരം അവന്റെ വിരലിൽ.

മോർച്ചറിയിൽ ഫോട്ടോയെടുക്കാൻ പോകവേ തന്നെ വണ്ടിയിൽ കൊണ്ടുവിട്ട സുഹൃത്ത് അതേ മോർച്ചറിയിൽ തൊട്ടടുത്ത ദിനം സ്വന്തം കാമറക്ക് മുന്നിൽ നിശ്ചലനായി കിടന്നതും ശുഹൈബ് സങ്കടത്തോടെ ഓർക്കുന്നു. പൊലീസിനു വേണ്ടി ഇതിനോടകം 20,000 ത്തിലധികം അസ്വാഭാവിക മരണങ്ങൾ പകർത്തിയിട്ടുണ്ട്.

പ്രമുഖ ഫോറൻസിക് സർജനായിരുന്ന ഡോ. ഗോപാല കൃഷ്ണ പിള്ളയാണ് പോസ്റ്റുമോർട്ടം ദൃശ്യം പകർത്തുന്നതിലെ ശാസ്ത്രീയത പഠിപ്പിച്ചത്. ഡോ. സുജിത് ശ്രീനിവാസൻ, അന്തരിച്ച ഡോ. ഷെർളിവാസു തുടങ്ങിയവരോടൊപ്പവും ശുഹൈബ് ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ സിറ്റി ചിറക്കൽക്കുളം സ്വദേശിയാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: ഫത്താഹ്, അമീന, ഫിദ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shuhaib; The story of a mortuary photographer
Next Story