ഷുഹൈബ് വധം: സർക്കാറിനുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ
text_fieldsകൊച്ചി: ഷുഹൈബ് വധക്കേസ് അപ്പീലിൽ സർക്കാറിനുവേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹാജരാകും. അന്വേഷണം സി.ബി.െഎക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തിങ്കളാഴ്ച സർക്കാർ സമർപ്പിക്കും. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അമരേന്ദ്ര ശരണാകും സർക്കാറിനുവേണ്ടി വാദം നടത്തുക. ചൊവ്വാഴ്ച അപ്പീൽ പരിഗണനക്കെത്തിയേക്കും. ഹാരിസൺ, സോളാർ, ലോട്ടറി കേസുകളിലും സർക്കാർ പുറത്തുനിന്നുള്ള മുതിർന്ന അഭിഭാഷകരുടെ സഹായം തേടിയിരുന്നു.
സർക്കാറിന് വിശദീകരണത്തിന് അവസരം നൽകാതെ വൈകാരികമായും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സിംഗിൾ ബെഞ്ച് സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന വാദമാവും സർക്കാർ അപ്പീലിൽ പ്രധാനമായും ഉന്നയിക്കുക. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനിടെ സംഭവം നടന്ന് 22ാം ദിവസംതന്നെ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി അസാധാരണമാണ്. നിഷ്പക്ഷ അന്വേഷണത്തിന് പൊലീസിന് അവസരം നൽകുകയെന്ന കീഴ്വഴക്കവും പാലിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിൽ ഭരിക്കുന്ന പാർട്ടിയുടെ ഇടപെടൽ ഭയക്കുന്നതായ ഹരജിക്കാരുടെ ആശങ്കയെ വൈകാരികമായി സമീപിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും സർക്കാർ ചൂണ്ടിക്കാട്ടും.
ഹൈകോടതിയിൽനിന്നുതന്നെ അനുകൂല ഉത്തരവ് നേടിയെടുക്കുകയാണ് പ്രമുഖ അഭിഭാഷകനെ രംഗത്തിറക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പുറത്തുനിന്ന് അഭിഭാഷകനെ കൊണ്ടുവരുന്നതിലൂടെ പാർട്ടിയുെടയും സർക്കാറിെൻറയും താൽപര്യങ്ങൾ ഒന്നാണെന്ന ആരോപണത്തിന് തടയിടുകയെന്ന ലക്ഷ്യവുമുണ്ട്. റിട്ട് ഹരജിയിൽ സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണിയും അപ്പീലിൽ സർക്കാറിനെ സഹായിക്കാനുണ്ടാകും. മഹാത്മാഗാന്ധി വധം പുനരന്വേഷിക്കണമെന്ന പങ്കജ് ഫഡ്നിസ് എന്നയാളുടെ ഹരജിയിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത് അമരേന്ദ്ര ശരണിനെയായിരുന്നു. മുൻ അഡീ. സോളിസിറ്റർ ജനറൽ കൂടിയാണ് അമരേന്ദ്ര ശരൺ. അതേസമയം, രാഷ്ട്രീയ കൊലപാതകക്കേസിൽ സി.ബി.െഎ അന്വേഷണത്തെ എതിർക്കാൻ സർക്കാറിനുവേണ്ടി സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവരുന്നത് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.