ഷുഹൈബ് വധം: കുറ്റപത്രം സമർപ്പിച്ചെന്ന് സർക്കാർ; അപ്പീൽ രണ്ടുമാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി
text_fieldsകൊച്ചി: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചതായി സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. ഷുഹൈബ് വധം സി.ബി.െഎ അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിെൻറ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതായും ഹരജി സുപ്രീംകോടതി പരിഗണനയിലാണെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് അപ്പീൽ ഹരജി രണ്ടുമാസം കഴിഞ്ഞ് പരിഗണിക്കാനായി ഡിവിഷൻ ബെഞ്ച് മാറ്റി.
