ഷുഹൈബ് വധം: ആകാശിന് ഒരാളെ കൊല്ലാനാവുമെന്ന് വിശ്വസിക്കുന്നില്ല -പിതാവ്
text_fieldsകണ്ണൂർ: ഷുഹൈബിെൻറ കൊലപാതകം നടന്ന ദിവസം ആകാശ് വീടിനടുത്ത പുളിമ്പിലാക്കൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവത്തിൽ പെങ്കടുക്കുകയായിരുന്നുവെന്ന് പിതാവ് രവി ‘മാധ്യമ’ത്തോട് പറഞ്ഞു.
അന്ന് രാത്രി അവിടെ നടന്ന ഭക്ഷണവിതരണത്തിലും ആകാശ് പങ്കാളിയായിരുന്നു. ഉത്സവം കഴിഞ്ഞ് രാത്രി ഒരുമണിക്കു മുമ്പായി വീട്ടിലെത്തുകയുംചെയ്തു. ഫേസ്ബുക്കിൽ പോസ്റ്റിടാനും പ്രകടനങ്ങളിൽ മുദ്രാവാക്യം വിളിക്കാനും ആവേശം കാട്ടുന്ന ആകാശിന് ആയുധമെടുത്ത് ഒരാളെ കൊല്ലാനാവുമെന്ന് വിശ്വസിക്കുന്നില്ല.
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്നതായി മനസ്സിലായതോടെ പാർട്ടി ഏരിയ ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ ആകാശ് ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, പിന്നെ നമ്മളെന്താ രവിയേട്ടാ ചെയ്യേണ്ടതെന്നായിരുന്നു അവർ ചോദിച്ചത്.
ഇതോടെയാണ് ആകാശും സുഹൃത്ത് രജിൻരാജും കൂടി പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. സ്റ്റേഷനിലേക്ക് പോകുംവഴി ഇവരെ അറസ്റ്റ്ചെയ്തു എന്നാണ് പിന്നീട് പറഞ്ഞുകേട്ടത്. അത് ശരിയാണോന്ന് അറിയില്ലെന്നും പിതാവ് രവി പറഞ്ഞു.
