ഷുഹൈബ് വധം: അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈകോടതി; കേസ് പരിഗണിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: ഷുഹൈബ് വധകേസിൽ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈകോടതി. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം. കൊലപാതകങ്ങൾക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാം. ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ സാധിക്കുമോ എന്നാണ് കോടതി നോക്കുന്നതെന്നും ജസ്റ്റിസ് കെമാൽപാഷ വ്യക്തമാക്കി.
തുടർ കൊലപാതകങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ പലരും കൈകഴുകി പോവുകയാണ്. നീതിപൂർവമായ അന്വേഷണം സംസ്ഥാന പൊലീസിന് എങ്ങനെ നടത്താൻ സാധിക്കും. കേസിലെ പ്രതികൾക്ക് എന്നെങ്കിലും വ്യക്തി വൈരാഗ്യം ഷുഹൈബുമായി ഉണ്ടായിരുന്നോവെന്നും കോടതി ചോദിച്ചു.
കേസ് ഹൈകോടതിക്ക് പരിഗണിക്കാൻ അധികാരമില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, സമാനമായ നിരവധി കേസുകൾ പരിഗണിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കെമാൽപാഷ ചൂണ്ടിക്കാട്ടി. കൊലപാതക കേസിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോകുന്നത് ദൗർഭാഗ്യകരമാണന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടരുതെന്ന് സർക്കാർ പറഞ്ഞു.
പ്രാദേശിക വിഷയങ്ങൾ ആണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യം. കേസിലെ പ്രതിയായ ബിജുവിനെ ഷുഹൈബ് അടിച്ചിരുന്നു. ഷുഹൈബ് കോൺഗ്രസ് പ്രവർത്തകനും ബിജു സി.പി.എം അനുഭാവിയുമാണ്. മികച്ച അന്വേഷണമാണ് നടക്കുന്നതെന്നും സി.ബി.ഐ വേണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കണ്ണൂരിലെ മൂന്നു കേസുകളിൽ കോടതി സി.ബി.ഐ അന്വേഷണം ഉത്തരവിട്ടിട്ടുണ്ടെന്നും അന്നൊന്നും കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന വിഷയം വന്നിട്ടില്ലെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു. ഒരാൾ ചൂണ്ടിക്കാണിക്കുമ്പോഴാണ് അധികാരം ഉണ്ടോ എന്ന് സംശയം ഉണ്ടാകുന്നതെന്നും ജഡ്ജി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
