ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന യുവതിയുടെ പരാതി കള്ളമെന്ന്; ജയിലിലായ സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ
text_fieldsപിടിയിലായ സവാദ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന യുവതിയുടെ പരാതി കള്ളമാണെന്നും ജയിലിലായ സവാദിന് സ്വീകരണം നൽകുമെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്നാരോപിച്ച് അസോസിയേഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനക്ക് വിധേയമാക്കണം. യുവതിയുടെ ഭാഗത്താണ് ശരിയെന്ന് ആദ്യമൊക്കെ വിശ്വസിച്ചിരുന്നെങ്കിലും ഇൻസ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസ്സിലായതെന്നും അജിത് കുമാർ പറഞ്ഞു. സവാദിന് നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം.