കാരണം കാണിക്കൽ നോട്ടീസ്: മൂന്ന് വി.സിമാർ മറുപടി നൽകി
text_fieldsതിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം തിങ്കളാഴ്ചവരെ ഹൈകോടതി നീട്ടിയെങ്കിലും വ്യാഴാഴ്ച വൈകുന്നേരംവരെ മൂന്ന് വി.സിമാരുടെ മറുപടി രാജ്ഭവനിലെത്തി. കാലാവധി പൂർത്തിയാക്കിയ കേരള വി.സി ഡോ. വി.പി. മഹാദേവൻപിള്ളക്ക് പുറമെ എം.ജി സർവകലാശാല വി.സി ഡോ. സാബു തോമസ്, ഫിഷറീസ് സർവകലാശാല വി.സി ഡോ. കെ. റിജി ജോൺ എന്നിവരാണ് മറുപടി നൽകിയത്. ഇതിൽ സാബു തോമസ്, തന്നെ ചാൻസലർ നേരിട്ട് കേൾക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വി.സിയാകാനുള്ള യോഗ്യത മൂവരും മറുപടിയിലും ആവർത്തിച്ചു. നേരേത്ത എട്ട് വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം വ്യാഴാഴ്ചയും ഡിജിറ്റൽ, ഓപൺ സർവകലാശാല വി.സിമാർക്ക് വെള്ളിയാഴ്ചയുമായിരുന്നു. വി.സിമാർ നൽകിയ ഹരജി പരിഗണിച്ച കോടതി മറുപടി നൽകാനുള്ള സമയം തിങ്കളാഴ്ചവരെ നീട്ടിയിരുന്നു.
ചാൻസലറുടെ നോട്ടീസ് കോടതി സ്റ്റേ ചെയ്യാതിരുന്നത് വി.സിമാർക്ക് തിരിച്ചടിയായി. കോടതി നിർദേശത്തിലൂടെ ഫലത്തിൽ വി.സിമാർ നോട്ടീസിന് മറുപടി നൽകാൻ നിർബന്ധിതരായി. ചാൻസലർക്ക് വി.സിമാരെ നീക്കാൻ അധികാരമില്ലെന്നാണ് സർക്കാർ നിലപാട്. വി.സിമാരെ പദവിയിൽനിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച് വ്യവസ്ഥയുള്ളത് സർവകലാശാല നിയമങ്ങളിലാണ്.
വി.സിമാർ അധികാര ദുർവിനിയോഗം നടത്തുകയോ സാമ്പത്തിക ക്രമക്കേട് നടത്തുകയോ ചെയ്യുമ്പോഴാണ് നിയമപ്രകാരം വി.സിമാരെ നീക്കാൻ വ്യവസ്ഥയുള്ളത്. നടപടിയെടുക്കും മുമ്പ് സുപ്രീംകോടതി/ ഹൈകോടതി ജഡ്ജിയെയോ അന്വേഷണത്തിനായി ചാൻസലർ നിയമിക്കണം. ഇത്തരമൊരു സാഹചര്യം കേരളത്തിൽ ഇല്ലെന്നാണ് സർക്കാർ വാദം. എന്നാൽ, യു.ജി.സി െറഗുലേഷൻ പാലിക്കാതെ നടത്തിയ സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ കോടതി വിധി സമാന രീതിയിൽ നടത്തിയ വി.സി നിയമനങ്ങൾക്കെല്ലാം ബാധകമാണെന്ന നിലപാടിൽ ഉറച്ചാണ് 11 വി.സിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

