Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാർ കയ്യേറ്റം...

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ തുടരണം - വി.എസ്​

text_fields
bookmark_border
മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ തുടരണം - വി.എസ്​
cancel

തിരുവനന്തപുരം: ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ്​ ഇനി സ്വീകരിക്കേണ്ടെ​െതന്ന്​ ഭരണപരിഷ്​കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്​ അച്യുതാനന്ദൻ.  കേരളം നേരിട്ട പ്രളയത്തിന് കാരണം കനത്ത മഴയാണ്. പക്ഷെ, ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണ്. നമ്മുടെ നയ രൂപീകരണത്തിലാണ് പിഴവ് സംഭവിച്ചത്. ഒരു പുതിയ കേരളത്തിന്റെ നിര്‍മ്മാണത്തിലാണ് ഇ​പ്പോൾ  ശ്രദ്ധിക്കുന്നത്​. വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും അതിര്‍വരമ്പുകള്‍ തീര്‍ച്ചപ്പെടുത്താനുള്ള അവസരമാണിതെന്നും വി.എസ്​ പറഞ്ഞു. നിയമസഭയിലെ പ്രളയക്കെടുതി ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും തുടക്കമിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്.  മന്ത്രിസഭ തീരുമാനിച്ചാണ് അതിനു വേണ്ടി പ്രത്യേകം ഒരു ദൗത്യസംഘം രൂപീകരിച്ചത്.  ആ പ്രക്രിയ ഇടക്ക് വെച്ച് നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ പുനഃപരിശോധിക്കണം. മൂന്നാറില്‍ മാത്രമല്ല, കേരളത്തിലെമ്പാടും നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുകയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പുനരാരംഭിക്കണമെന്നും വി.എസ്​ പറഞ്ഞു. 

കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മ്മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല.  ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ജീവനും ജീവനോപാധിയും വെച്ചുള്ള കളിയാണത്.  ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി, ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും നാം കാണിക്കേണ്ടതുണ്ട്. വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ കുറെക്കൂടി ശാസ്ത്രീയമായി പുനര്‍ നിര്‍വ്വചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിയമങ്ങള്‍ കുറെക്കൂടി കര്‍ശനവും പഴുതടച്ചുള്ളതുമാക്കണമെന്ന്​ വി.എസ്​ ആവശ്യപ്പെട്ടു.  

കുന്നിടിച്ചിലിനും ഉരുള്‍ പൊട്ടലിനും കാരണമാവുന്ന അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം.  ക്വാറികള്‍ക്ക് നിയമപരമായി നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചുകൊണ്ടുതന്നെ തുടങ്ങണം. മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.  പക്ഷെ, കേരളം ആ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് മല്ലിടാന്‍ കേരളത്തിന് കെല്‍പ്പില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ കേരളത്തിനുണ്ടായിട്ടുണ്ട്.  നമ്മുടെ പഴയ പഠന റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ക്കൂടി പഠനവിധേയമാക്കാനുള്ള സമയമാണിത്.  വന്‍കിടക്കാര്‍ കാടും കായലും കയ്യേറി നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളും, അനധികൃത  ഭൂവിനിയോഗവും നിസ്സാരമായ പിഴയൊടുക്കി കോടതികളിലൂടെ സാധൂകരിച്ചെടുക്കുന്നു. ഇനി മേലില്‍ അതിനുള്ള അവസരമുണ്ടാവരുതെന്ന്​ വി.എസ്​ ഒാർമിപ്പിച്ചു. 

പരമ്പരാഗത ജല നിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചുകളഞ്ഞതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്.  മനുഷ്യ നിര്‍മ്മിതികള്‍ തകര്‍ത്തുകൊണ്ടാണ് പ്രളയ ജലം ഒഴുകാന്‍ വഴി കണ്ടെത്തിയത്.  തകര്‍ന്നുപോയ വീടുകളും പാലങ്ങളും റോഡുകളും പുനര്‍ നിര്‍മ്മിക്കുന്നതോടൊപ്പം, നമ്മുടെ പരമ്പരാഗത ജല നിര്‍ഗമന പാതകളുടെ പുനരുദ്ധാരണവും ആരംഭിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കം, കൊട്ടിഘോഷിച്ച മഹാ വികസനങ്ങളില്‍ ഏതെല്ലാമാണ് മഹാ ദുരന്തങ്ങള്‍ക്ക് കാരണമാവുക എന്ന, ശാസ്ത്രീയമായ വിലയിരുത്തലിനും ഇതുതന്നെയാണ് പറ്റിയ സന്ദര്‍ഭം.  അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വില കൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടം അടക്കമുള്ള നമ്മുടെ ഭൂപ്രകൃതിയാണ്.  വികസനം വേണ്ടെന്ന് ആരും പറയില്ല.  പക്ഷെ, കൃത്യമായ ആസൂത്രണത്തിന്റെയും മാസ്റ്റര്‍ പ്ലാനിന്റെയും അടിസ്ഥാനത്തിലല്ലാതെ, വ്യക്തിഗത വികസന പദ്ധതികള്‍ നടപ്പാക്കരുത്.  ചിലര്‍ക്ക് മുമ്പില്‍ നിയമം വഴിമാറുന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.  

നവ കേരള സൃഷ്ടിക്കായി നമുക്ക് ആദ്യം വേണ്ടത് സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാൻ ​േവണം. ആ മാസ്റ്റര്‍ പ്ലാൻ തയാറാക്കാർ കേരളത്തിലെ യുവജനങ്ങളുടെയും, കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെയും വിപുലമായ സഹായം തേടണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍വാത്മനാ സഹകരിച്ച കേരളീയരുടെ കര്‍മ്മശേഷി ഇനിയും വിന്യസിക്കാനുള്ളത്, ഭാവി കേരളം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ്. വ്യക്തമായ പദ്ധതികളോടെ, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകണം. കേന്ദ്ര സർക്കാറിൽ നിന്ന്​  കൂടുതല്‍ സഹായത്തിനായി കൂട്ടായി സമ്മര്‍ദ്ദം ചെലുത്തണമെന്നും വി.എസ്​ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandankerala newsdevelopmentkerala floodmalayalam newsSpecial Assembly
News Summary - Should Practice Sustainable Development , VS - Kerala News
Next Story