ഏതു പ്രധാനിയാണെങ്കിലും തെറ്റുചെയ്താൽ ശിക്ഷിക്കപ്പെടണം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: എം. ശിവശങ്കറിെൻറ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുെന്നന്ന വാർത്ത അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണക്കടത്ത് കേസിെൻറ അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ഇക്കാര്യത്തില്‍ മൂന്ന് അന്വേഷണ ഏജന്‍സികളും ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. കുറ്റവാളികളെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നതാണ് സര്‍ക്കാറിെൻറ താല്പര്യം. ഈ കേസിെൻറ പേരില്‍ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും സര്‍ക്കാറിനെതിരെ ഉണ്ടാക്കുന്ന പുകമറ നീക്കുന്നതിനും അന്വേഷണം നല്ല നിലയില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഏതു പ്രധാനിയാണെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് സര്‍ക്കാറിന്. പദവിക്ക് ചേരാത്ത ബന്ധം ഉണ്ടെന്ന് കണ്ടപ്പോഴാണ് ഒരുനിമിഷം വൈകാതെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.
തുടര്‍ന്ന് സസ്പെൻഡ് ചെയ്തു. ഈ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായോ സര്‍ക്കാറുമായോ ഇപ്പോള്‍ ഒരു ബന്ധവും ഇല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് അവരുടെ വഴിക്ക് നീങ്ങാന്‍ ഒരു തടസ്സവും ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വര്‍ണക്കടത്ത് അന്വേഷണവും ലൈഫിലെ സി.ബി.ഐ അന്വേഷണവും തമ്മില്‍ ബന്ധമില്ല. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിെച്ചന്ന് ആരോപിച്ചാണ് സി.ബി.ഐ കേെസടുത്തത്.
ഈ നിയമം ലൈഫ് പദ്ധതിക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. സര്‍ക്കാര്‍ വിദേശഫണ്ട് വാങ്ങിയിട്ടില്ലെന്നും എഫ്.സി.ആര്.എയുടെ പരിധിയില്‍ ലൈഫ് മിഷന് വരില്ലെന്നും ഹൈകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരെൻറ ഇടപെടൽ അപക്വമാണ്. മന്ത്രി സ്ഥാനത്തിരുന്ന് ചെയ്യേണ്ട കാര്യങ്ങളല്ല അദ്ദേഹം ചെയ്യുന്നത്. ഏറ്റവും ഒടുവിൽ അദ്ദേഹം നടത്തിയ പത്രസമ്മേളനം പോലും വ്യക്തമാക്കുന്നത് ഇതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.