വെള്ളാപ്പള്ളിക്ക് ചികിത്സ നൽകണം -പി.എം.എ. സലാം
text_fieldsകോഴിക്കോട്: മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്നും ഇതിനൊക്കെ ചികിത്സ നൽകുകയാണ് വേണ്ടതെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം.
പ്രായവും ആരോഗ്യസ്ഥിതിയും പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകണമെന്ന് മാത്രമേ പറയാനുള്ളൂ. അരിഭക്ഷണം കഴിക്കുന്ന ആർക്കും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല അദ്ദേഹം പറഞ്ഞത്. കുറച്ച് ദിവസം മലപ്പുറത്ത് വന്ന് താമസിച്ച് തനിക്കുണ്ടാകുന്ന അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കാൻ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുകയാണെന്നും സലാം പറഞ്ഞു.
നിലമ്പൂരിൽ നടന്ന എസ്.എൻ.ഡി.പി കൺവെൻഷനിൽ മലപ്പുറം സ്വതന്ത്ര രാജ്യമാണെന്ന രീതിയിൽ വെള്ളാപ്പള്ളി പ്രസംഗിക്കുകയായിരുന്നു. മറ്റു സമുദായക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് അവിടെയെന്നും വെള്ളാപ്പള്ളി തട്ടിവിട്ടിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി ജാഫര്‍അലി ദാരിമി ആവശ്യപ്പെട്ടു. സംഘ്പരിവാരത്തിന്റെ എച്ചില്‍ നക്കിയായി വെള്ളാപ്പള്ളി മാറുന്നത് അപമാനമാണ്. മുസ്‍ലിം ന്യൂനപക്ഷം അനര്‍ഹമായി പലതും തട്ടിയെടുക്കുന്നുവെന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞപ്പോള്‍ മലപ്പുറത്തെ വളഞ്ഞിട്ടാക്രമിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

