എന്നെ ഹിന്ദു എന്ന് വിളിക്കണം -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
text_fieldsആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. മതത്തിന്‍റെ പേരിലല്ല ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നത്. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നെ അഹിന്ദുവായി കാണരുത്. ഹിന്ദുവെന്നാൽ ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണെന്ന് തിരിച്ചറിയണം. സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദു. ഇന്ത്യക്കാരെ വിഭജിച്ച് ഭരിക്കാൻ ബ്രിട്ടീഷുകാരാണ് ഹിന്ദു, മുസ്ലിം, സിഖ് തുടങ്ങിയ ജാതികൾ ഉയർത്തിയത്. ഇന്ത്യയുടെ ഒരുമ ദേശീയതയിലാണ് -ഗവർണർ പറഞ്ഞു. ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയെ ഗവർണർ വിമർശിച്ചു. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഡോക്യുമെന്ററി നിർമിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യ
നന്നായി മുന്നോട്ടുപോകുന്നു. അതിനാൽ ഈ ആളുകൾ നിരാശരാണ്. നമ്മുടെ സ്വന്തം ആളുകളിൽ ചിലരോട് എനിക്ക് ഖേദമുണ്ട്. കാരണം, അവർ രാജ്യത്തെ കോടതിയുടെ വിധിന്യായങ്ങളെക്കാൾ ഡോക്യുമെന്ററിയെ വിശ്വസിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. എന്നാൽ, അലിഗഢ് സ്ഥാപകൻ സയ്യിദ് അഹമ്മദ്ഖാൻ ആര്യസമാജം സ്വീകരണ ചടങ്ങിൽ നടത്തിയ പ്രസംഗം ഉദ്ധരിക്കുകയാണു ചെയ്തതെന്നും ഹിന്ദു എന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ പിന്നീട് വിശദീകരിച്ചു. ശ്രീകുമാരൻ തമ്പിക്ക് ആർഷദർശന പുരസ്‌കാരം ഗവർണർ സമ്മാനിച്ചു. കെ.എച്ച്.എൻ.എ പ്രസിഡന്റ് ജി.കെ. പിള്ള അധ്യക്ഷതവഹിച്ചു. വി. മധൂസൂദനൻ നായർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കുമ്മനം രാജശേഖരൻ, ബി. മാധവൻ നായർ, ഡോ. രാംദാസ് പിള്ള, രഞ്ജിത് പിള്ള, ശ്രീശക്തി ശാന്താനന്ദ മഹർഷി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

