ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്‍റെ മരണം: ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും; ആരെയും ദ്രോഹിക്കാൻ അനുവദിക്കില്ലെന്നും സി.പി. ജോൺ
text_fieldsതിരുവനന്തപുരം: മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ ദാരുണ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വാഹന പരിശോധനാ വേളയിലോ തുടർ നടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോ എന്ന് ഗതാഗത സെക്രട്ടറി വിശദമായി അന്വേഷിക്കും. സമൂഹമാധ്യമങ്ങളിൽ ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും അന്വേഷണ വിധേയമാക്കും. ലഭിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കുന്നതാണ്.
തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സമീപനവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നത് സർക്കാരിന്റെ കർശന നിർദേശമാണ്. ഉദ്യോഗസ്ഥർ ജനങ്ങളോട് കൂടുതൽ സൗഹാർദപരമായി ഇടപെടേണ്ടതുണ്ട്. ഇത്തരം ദാരുണമായ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. ഷൗക്കത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നതായും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

