തസ്തിക കുറവ്; മെഡിക്കൽ കോളജ് അധ്യാപകർ പ്രക്ഷോഭത്തിലേക്ക്, തിങ്കളാഴ്ച കരിദിനം
text_fieldsകോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപക തസ്തികകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) പ്രക്ഷോഭത്തിലേക്ക്.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കരിദിനവും ചെവ്വാഴ്ച സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിലും ഡി.എം.ഇ ഓഫിസിലും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാസർകോട്, വയനാട് മെഡിക്കൽ കോളജുകൾക്ക് അനുമതി ലഭിച്ചിട്ടും ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കാതെ താൽക്കാലിക സ്ഥലംമാറ്റത്തിലൂടെ പ്രവർത്തനം തുടങ്ങാനാണ് ശ്രമിക്കുന്നത്. ഇത് എല്ലാ മെഡിക്കൽ കോളജുകളുടെയും അധ്യാപനം, ചികിത്സ ഉൾപ്പെടെയുള്ള പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. കോന്നി, ഇടുക്കി മെഡിക്കൽ കോളജുകൾ പ്രവർത്തനം തുടങ്ങി മൂന്നാം വർഷമായിട്ടും ഇതുവരെ ആവശ്യത്തിന് അധ്യാപക തസ്തികകളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിച്ചിട്ടില്ല.
നാഷനൽ മെഡിക്കൽ കൗൺസിൽ മാനദണ്ഡങ്ങൾ അനുസരിച്ച് കാസർകോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിൽ മതിയായ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, എല്ലാ മെഡിക്കൽ കോളജുകളിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ തസ്തികകൾ അനുവദിക്കുക, മെഡിക്കൽ കോളജുകളിൽ എൻ.എം.സി മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അധ്യാപനം, ഒ.പി സേവനങ്ങൾ തുടങ്ങിയവ നിർത്തിവെച്ചു സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസനാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

