തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; വിദഗ്ധ പരിശോധന ഉണ്ടാകും -മന്ത്രി വീണാ ജോർജ്
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്നുണ്ടായ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാകുന്നത് ഷോർട്ട് സർക്യൂട്ടാണെന്നാണ്.
സംഭവിച്ചത് അസാധാരണമായ സംഭവമാണെന്നും അവർ പറഞ്ഞു. വിദഗ്ദ്ധ പരിശോധനകൾ ഉണ്ടാകും. അടിയന്തര ഉന്നതതല യോഗം ചേർന്നതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അവർ അറിയിച്ചു. സാങ്കേതിക പരിശോധനകൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.
വിശദമായ അന്വേഷണമാണ് നടക്കുക. ജില്ലാ മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രോഗികളെയെല്ലാം സ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചിട്ടുണ്ട്. രോഗികളുടെ ചികിത്സാ ചിലവ് വഹിക്കുന്ന കാര്യത്തിൽ യോഗം ചേർന്നതിന് ശേഷം മാത്രം തീരുമാനം പറയാൻ സാധിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, പശ്ചിമ ബംഗാൾ സ്വദേശി ഗംഗ എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്. എന്നാൽ, പുക ശ്വസിച്ചാണോ ഇവർ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം മാത്രമാണ് അറിയാൻ കഴിയുക. മരിച്ചവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

