Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്ക് തകരാറോ ഇല്ല; കാറിന് തീപിടിച്ച് ഗർഭിണി മരിച്ചതിൽ ദുരൂഹത, ഭർത്താവിനെതിരെ കുടുംബം

text_fields
bookmark_border
ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്ക് തകരാറോ ഇല്ല; കാറിന് തീപിടിച്ച് ഗർഭിണി മരിച്ചതിൽ ദുരൂഹത,  ഭർത്താവിനെതിരെ കുടുംബം
cancel

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ നാടിനെ നടുക്കിയ കാർ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അന്വേഷണസംഘം.

സംഭവത്തിൽ ഭർത്താവായ രജിൻലാലിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും മരിച്ച സോനയുടെ അമ്മാവൻ സത്യൻ മാധ്യമങ്ങളോട്. കാറിനുള്ളിൽ മാരകമായ എന്തോ വെച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. സോനയെ പിൻസീറ്റിലായിരുന്നു ഇരുത്തിയത്. എന്തുകൊണ്ടാണ് സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയത്? .

അപകടമുണ്ടായപ്പോൾ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. പിന്നിലെ ഡോർ തുറന്നില്ല. കാറിനുള്ളിൽ മറ്റൊരാൾ ഉള്ളതായും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

കാറിൽ ഒരാൾകൂടിയുണ്ടെന്ന് ആദ്യം രക്ഷാപ്രവർത്തകർക്ക് മനസ്സിലായില്ല. പിൻസീറ്റിൽ കിടക്കുകയായിരുന്നു സോന. ഇവരുടെ മുകളിലേക്ക് കാറിന്റെ മുകൾഭാഗം അടർന്നുവീഴുകയും ചെയ്തിരുന്നു. അതിനാൽ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ലായിരുന്നു. കാറിന്റെ പിൻവാതിൽ ലോക്കായിരുന്നതിനാൽ ചില്ലുപൊട്ടിച്ചാണ് പുറത്തെടുത്തത്. അപ്പോഴും സോനയ്ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

ഫോറൻസിക് പരിശോധന ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന നിലപാടിലാണ് അന്വേഷണസംഘം.തീപ്പിടിത്തതതിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പരിശോധനയിൽ ഇന്ധന ടാങ്കിനും തകരാറുകൾ കണ്ടെത്തിയിട്ടില്ല. കൂടുതൽ പരിശോധനകൾക്കായി സംഭവസ്ഥലത്തു നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റീജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. അതിനിടെ, മരിച്ച സോനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Short circuit or fuel tank failure ruled out; mystery continues in car fire that killed pregnant woman
Next Story