‘ഷൊർണൂരിനടുത്ത് ട്രെയിൻ മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്’; വിളികേട്ട് ആംബുലൻസുകൾ ഓടിയെത്തി, മോക് ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വാസം
text_fieldsഷൊർണൂർ: രാവിലെ ഒമ്പത് മണിയോടെയാണ് ആ സന്ദേശം എത്തിയത്. ‘ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു’ എന്നതായിരുന്നു ‘ഞെട്ടിക്കുന്ന’ ആ സന്ദേശം. കേട്ടപാതി കേൾക്കാത്ത പാതി പ്രദേശത്തുള്ള ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക് കുതിച്ചു. ട്രെയിനിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സ്റ്റേഷനിലെത്തിയ യാത്രക്കാരും പരിസരത്തുള്ളവരും പരിഭ്രാന്തരായി നിൽക്കുകയായിരുന്നു. എന്നാൽ, ഇത് അപകടമല്ലെന്നും മോക്ഡ്രിൽ ആണെന്നും അധികൃതരുടെ അറിയിപ്പെത്തിയതോടെ എല്ലാവരുടെയും ആശങ്കയകന്നു.
നിർത്താതെയുള്ള സൈറൺ മുഴക്കം ദൂര പ്രദേശങ്ങളിലുള്ളവരെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഫയർ ആൻറ് റസ്ക്യൂ ടീം, പോലീസ്, ആംബുലൻസ് അടക്കമുള്ള അടിയന്തിര സുരക്ഷ ഉറപ്പാക്കുന്നവരെല്ലാം തലങ്ങും വിലങ്ങും പാഞ്ഞു. അടിയന്തിര സേവനം ലഭ്യമാക്കാൻ സംഭവസ്ഥലത്തുണ്ടായിരുന്നവരിൽ പലരും പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സർവീസ് എന്നീ നമ്പരുകളിലേക്ക് സന്ദേശങ്ങൾ അയച്ചു. ഇതോടെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിലും പരിസരത്തും പരിഭ്രാന്തിയുടെ നിമിഷങ്ങളാണ് കടന്നുപോയത്. ‘അപകടം’ നടന്ന സ്ഥലത്തേക്ക് ബന്ധപ്പെട്ട സംവിധാനങ്ങളെല്ലാമെത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
അപകടമുണ്ടാവുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ക്യത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനാണ് 'മോക് ഡ്രിൽ’ നടത്തിയത്. പാഞ്ഞെത്തിയവർക്ക് തെല്ലിട സമാധാനമായെങ്കിലും പലരും ബന്ധപ്പെട്ടവരെ പഴിക്കുന്നുണ്ടായിരുന്നു. റെയിൽവെ നിശ്ചിത ഇടവേളകളിൽ ഇങ്ങിനെ അപകട റിഹേഴ്സൽ നടത്താറുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

