ബി.ജെ.പിക്ക് ബൂമറാങ്ങായി ഷോൺ പുറത്തുവിട്ട കർത്തയുടെ ഡയറി; മറ്റ് നേതാക്കളുടെ പേര് വെട്ടിയപ്പോൾ മുരളീധരൻ ലിസ്റ്റിൽ; ബി.ജെ.പിയിൽ ഞാൻ മാത്രമേ മുരളീധരൻ ഉള്ളൂ എന്ന് പ്രതികരണം
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറി ബി.ജെ.പിക്കും സംഘ്പരിവാറിനും ബൂമറാങ്ങായി. ബി.ജെ.പി നേതാവ് മുരളീധരനും ഹിന്ദു ഐക്യവേദി, ആർ.എസ്.എസ് തുടങ്ങിയ സംഘ്പരിവാർ സംഘടനകൾക്കും പണം നൽകിയതായി ഡയറിയിൽ പറയുന്നതാണ് വെട്ടിലാക്കിയത്. അതേസമയം, മറ്റു ബി.ജെ.പി നേതാക്കളുടെ പേര് വെട്ടിയിട്ടുമുണ്ട്.
മൂന്ന് ലക്ഷം രൂപയാണ് മുരളീധരന്റെ പേരിന് നേർക്ക് എഴുതിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് മുരളീധരന്റെ പേര് പരാമർശിക്കുന്നത്. ആദ്യത്തെ ഭാഗത്ത് മൂന്ന് ലക്ഷം രൂപയും രണ്ടാമത്തെ ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും പേരും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസിന് നേർക്ക് അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയുമാണ് രേഖപ്പെടുത്തിയിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ പേരും ഡയറിയിലുണ്ട്. അഞ്ച് ലക്ഷം രൂപയാണ് വെള്ളാപ്പള്ളി നടേശന്റെ പേരിന് നേരെ എഴുതിയിരിക്കുന്നത്. കൂടാതെ ഡിജിപി എന്നും എസ് പി എന്നും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡയറിയിൽ ഉള്ളത് തന്റെപേരല്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി. മുരളീധരൻ പറഞ്ഞു. ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ? വേറെയും മുരളീധരൻമാർ ബി.ജെ.പിയിൽ ഉണ്ട്. ഏത് മുരളീധരനാണ് പണം വാങ്ങിയതെന്ന് കണ്ടുപിടിക്ക്. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് ഞാൻ. ഞാൻ ഏതായാലും പണം വാങ്ങിയിട്ടില്ല’ -വി മുരളീധരൻ പറഞ്ഞു.
കർത്തയുടെ ഡയറിയിൽ പേരുണ്ടെന്ന ആരോപണത്തിലാണ് വി മുരളീധരന്റെ പ്രതികരണം. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ് എഫ് ഐ ഒ കോടതിയിൽ സമർപ്പിച്ച രേഖകളാണ് ബിജെപി നേതാവായ ഷോൺ ജോർജ് പുറത്തുവിട്ടത്. സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ പേജാണ് ഷോൺ ജോർജ് പങ്കുവെച്ചത്.
എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി, എൻ.ഡി.എ ഘടക കക്ഷികൾ തുടങ്ങി പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി ഡി സതീശനും ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോൺ, മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്‍റെ കാരണം ഇതാണെന്നാണ് ആരോപിച്ചത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിന് നേരെ അഞ്ചു ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഇബ്രാഹിംകുഞ്ഞ്, തങ്ങള്‍, ചെന്നിത്തല, വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, ഹൈബി ഈഡന്‍, ബെന്നി, എം പി വീരേന്ദ്രകുമാര്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, ടി എം ജേക്കബ്, ജി സുധാകരന്‍, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ ആര്‍ ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, എളമരം, പന്ന്യന്‍, എസ് ശര്‍മ, വി എസ് അച്യു, പി രാജീവ്, ഗോവിന്ദന്‍ മാസറ്റർ, സി കെ ചന്ദ്രപ്പന്‍, കെ ചന്ദ്രന്‍ പിള്ള തുടങ്ങിയ പേരുകളാണ് ഷോണ്‍ പുറത്തുവിട്ട ഡയറിയിലെ പേജിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

