തൃശൂർ: കനത്ത മഴയെ തുടർന്ന് കേരള ഷോളയാർ ഡാം തിങ്കളാഴ്ച രാവിലെ 10 മണിയോടെ തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദേശപ്രകാരം ക്യാമ്പുകളിലേക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ല കലക്ടർ ഹരിത വി. കുമാർ അറിയിച്ചു.
കേരള ഷോളയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. ആറ് മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും.
പറമ്പിക്കുളത്തുനിന്നും നിലവിൽ ചാലക്കുടി പുഴയിൽ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയർത്തും. വാൽപ്പാറ, പെരിങ്ങൽകുത്ത്, ഷോളയാർ മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.