ഷോളയാർ ഡാമിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനായില്ല
text_fieldsതൃശൂർ: തുടർച്ചയായ ഉരുൾപൊട്ടൽ പരമ്പരയെ തുടർന്ന് ഷോളയാർ ഡാമിലും വൈദ്യുതി നിലയത്തിലും കുടുങ്ങിയവരെ പുറത്തെത്തിക്കാനായിട്ടില്ല. അങ്ങോേട്ടക്കുള്ള റോഡുകൾ തകർന്നതിനാലാണിത്. അവർക്കുള്ള ഭക്ഷണം തലച്ചുമടായി എത്തിച്ച് കൊടുക്കുന്നുണ്ട്.
ആഗസ്റ്റ് 15ന് വൈകീട്ട് തുടങ്ങിയ കനത്ത മഴയിലാണ് മേഖലയിൽ ഉരുൾപൊട്ടിയത്. വൈദ്യുതി നിലയത്തിൽ ഉദ്യോഗസ്ഥരും അന്യസംസ്ഥാന തൊഴിലാളികളുമടക്കം 60 പേരുണ്ടായിരുന്നു. അതിൽ ഹൃദ്രോഗിയടക്കം മൂന്നുപേരെ 20ന് നാവികസേന കോപ്ടറിൽ രക്ഷിച്ചു. ബാക്കിയുള്ളവർ വൈദ്യുതിബോർഡിെൻറ ഇൻസ്പെക്ഷൻ ബംഗ്ലാവിലാണ് ഇപ്പോഴുള്ളത്. അതേസമയം, ഡാമിൽ ഉണ്ടായിരുന്ന സിവിൽ വിഭാഗം അസി. എൻജിനീയർ അടക്കം എട്ട് പേരും പുറത്തെത്തിയിട്ടില്ല. ആഗസ്റ്റ് ഒന്നിന് ജോലിക്ക് കയറിയവരാണിവർ. 15 ദിവത്തെ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങാൻ ഒരുങ്ങവേയായിരുന്നു മഴയും ഉരുൾപൊട്ടലുമുണ്ടായത്.
ഭക്ഷണം ഏതാണ്ട് തീർന്നിരുന്നു. വൈദ്യുതി, ഫോൺ ബന്ധങ്ങളും നിലച്ചു. അതോടെ പുറംലോകവുമായി ആശയവിനിമയം ഇല്ലാതായി. ആദിവാസികളാണ് ഇവർ കുടുങ്ങിയ വിവരം താഴെ എത്തിച്ചത്. നിലയത്തിെൻറ രണ്ട് കിലോമീറ്റർ അകലെ മലയിൽ കയറിയപ്പോൾ ജീവനക്കാർക്ക് തമിഴ്നാട് ഷോളയാർ ഡാമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സംയുക്ത ജലനിയന്ത്രണ ബോർഡ് അസി. എൻജിനീയറുമായി ബന്ധപ്പെടാനായി. തങ്ങൾ സുരക്ഷിതരാണെന്നും അടിയന്തരമായി ഭക്ഷണം എത്തിക്കണമെന്നുമായിരുന്നു അവർ പറഞ്ഞത്.
തുടർന്ന്, തമിഴ്നാട് ഷോളയാർ റിസർവോയറിൽ മത്സ്യം പിടിച്ചിരുന്നയാളുടെ ചങ്ങാടത്തിൽ കിലോമീറ്റർ താണ്ടി അവർക്ക് ഭക്ഷണം എത്തിച്ചു. ഇതിനിടെ, ജില്ല കലക്ടർ ടി.വി. അനുപമ അറിയിച്ചതിനെ തുടർന്ന് മലക്കപ്പാറ പൊലീസ് ഇവർക്ക് ഭക്ഷണം എത്തിച്ചു. പക്ഷെ, റോഡുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് രക്ഷാ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കി. വ്യാഴാഴ്ചയോടെ ഒരു ജീപ്പിന് കഷ്ടി നിലയത്തിൽ എത്താൻ പാകത്തിന് ആ ഭാഗത്തെ റോഡ് ശരിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
