ജാമ്യം അനുവദിച്ചത് ഞെട്ടിപ്പിച്ചു; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വിസ്മയയുടെ സഹോദരൻ
text_fieldsകൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് വിസ്മയയുടെ സഹോദരൻ വിജിത് ‘മാധ്യമ’ത്തോട് പറഞ്ഞു.
കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചത് എന്തുകൊണ്ടാണന്ന് മനസിലാകുന്നില്ല. എന്തായാലും വിധി പരിശോധിച്ച് നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല കോടതിയും ഹൈകോടതിയും ശിക്ഷിച്ച സംഭവത്തിലാണ് ഹൈകോടതി ഫുൾബഞ്ചിൽ നൽകിയ അപ്പീലിന്‍റെ ഇപ്പോഴത്തെ സുപ്രീംകോടതിവിധി.
എല്ലാ തെളിവുകളും കണ്ടെത്തിയാണ് കിരൺ കുമാറിനെ ശിക്ഷിച്ചത്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി കുറ്റവാളികൾക്ക് പ്രചോദനമാവുകയേ ഉള്ളൂവെന്ന് മർച്ചന്‍റ് നേവി ഓഫിസർ കൂടിയായ വിജിത് ചൂണ്ടികാട്ടി. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരും വിധിയിൽ അത്ഭുതം പ്രകടിപ്പിച്ചു. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസിലാണ് പ്രതി കിരണ്‍കുമാറിന്‍റെ ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചത്.
കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേരള ഹൈകോടതിയിലുള്ള അപ്പീലിൽ തീരുമാനമാകുന്നതുവരെ കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്.
വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നിവ ആവശ്യപ്പെട്ടാണ് കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

