തിരുവനന്തപുരത്തെ ഷോക്കേറ്റ് മരണം: കെ.എസ്.ഇ.ബി വീഴ്ചയെന്ന് പറയാനാവില്ല -കെ.കൃഷ്ണൻകുട്ടി
text_fieldsതിരുവനന്തപുരം: നെടുമങ്ങാട് പനയമുട്ടത്ത് ബൈക്ക് യാത്രികനായ യുവാവ് ഷോക്കേറ്റ് മരിച്ചത് കെ.എസ്.ഇ.ബി വീഴ്ചയാണെന്ന് പറയാനാവില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. സ്ഥലം ഉടമ മരം മുറിക്കാത്തതിനാലാണ് റബ്ബർ മരം പോസ്റ്റിലേക്ക് വീണ് വൈദ്യുതിലൈൻ പൊട്ടിയത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.
പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് 19കാരൻ മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയാണ് മരിച്ചത്. അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് പൊട്ടിവീണ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കാറ്ററിങ് കഴിഞ്ഞ് വരികയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അക്ഷയിക്കൊപ്പം സുഹൃത്തുക്കളായ അമൽനാഥും വിനോദുമുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല.
അതേസമയം, പുതിയ ലൈനുകൾ പണിയുന്നതും ലൈനുകളിൽ ശേഷി വർധിപ്പിക്കുന്നതുമായ എല്ലാ ജോലികൾക്കും സുരക്ഷിതമായ ഏരിയൽ ബഞ്ച്ഡ് കേബ്ൾസ് (എ.ബി.സി) ഉപയോഗിക്കണമെന്ന കെ.എസ്.ഇ.ബിയുടെ നിർദേശം കടലാസിലൊതുങ്ങിയത് കൊല്ലം തേവലക്കരയിലെ സ്കൂൾ വിദ്യാർഥിയുടേതടക്കം വൈദ്യുതിമരണങ്ങൾക്ക് കാരണമായി. നാലു വർഷം മുമ്പ് ഇറക്കിയ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് ഉത്തരവ് അവഗണിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ്.
പൊതുജനങ്ങളുടെ ദേഹത്ത് കമ്പി തട്ടി വൈദ്യുതാഘാതമുണ്ടാകുന്നത് ഒഴിവാക്കാൻ നിയോഗിച്ച സബ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2021 ജൂണിൽ മുഴുസമയ ഡയറക്ടർമാരുടെ യോഗം എ.ബി കേബിളുകൾ സാങ്കേതികമായും സാമ്പത്തികമായും നടപ്പാക്കാമെന്ന വിലയിരുത്തലിൽ നടപടിക്ക് നിർദേശിച്ചത്. 2021-2022 മുതൽ എല്ലാ സർവിസ്, മെയിൻ ലൈനുകളും എ.ബി.സിയാക്കണമെന്നായിരുന്നു ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

