'പെട്ടെന്നൊരു ദിവസം കോൺഗ്രസുകാരോട് സ്നേഹം തോന്നിയതല്ല'; കോൺഗ്രസ് നേതാവ് വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ശോഭ സുരേന്ദ്രൻ
text_fieldsതൃശൂർ: കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. വി.ആറിന്റെ 21-ാം ചരമവാർഷികദിനമായ ഇന്ന് (മെയ് 13-ന്) രാവിലെ അവണിശ്ശേരിയിലെ വീട്ടിലെത്തിയാണ് പുഷ്പാർച്ചന നടത്തിയത്.
കോൺഗ്രസ് അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിന് പിന്നാലെയാണ് വി.ആർ.കൃഷ്ണനെഴുത്തച്ഛനെയും ബി.ജെ.പി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.
'പെട്ടെന്നൊരു ദിവസം പഴയ കാല കോൺഗ്രസുകാരോട് ഞങ്ങൾക്ക് സ്നേഹം തോന്നിയതല്ല. വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ കുടുംബം 2015 മുതൽ ബി.ജെ.പിയോടൊപ്പമാണ്. നാടിന് വേണ്ടി പ്രവർത്തിച്ച മഹാന്മാരെ ഞങ്ങൾ കൂടുതൽ സ്മരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നതിൽ കാര്യമില്ല'- ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ അനുസ്മരണ യോഗം തൊട്ടടുത്തുള്ള നവതി മന്ദിരത്തിൽ നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സമൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വി.എം. സുധീരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തത്.
വി.എം സുധീരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം പുഷ്പാർച്ചന നടത്തുന്നു
കോൺഗ്രസ് സംഘം മടങ്ങിയ ശേഷമാണ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പുഷ്പാർച്ചന നടത്തിയത്. വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ മകൻ വി.കെ. ജയഗോവിന്ദനും കുടുംബവും ബി.ജെ.പിയിൽ ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ചേർപ്പിൽനിന്ന് മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.