കോടിയേരിയുടെ അസുഖത്തെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; പ്രതികരിച്ച് ബിനീഷ് കോടിയേരി
text_fieldsന്യൂഡൽഹി: അർബുദം ബാധിച്ചതിനെ തുടർന്ന് അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെയും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ ശോഭ പരിഹസിച്ചു. ഇതിനെതിരെ കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി പ്രതികരണവുമായി രംഗത്തുവന്നു.
സനാതന ധർമ്മത്തെ എതിർത്തത് കൊണ്ടാണ് കോടിയേരി ഇപ്പോൾ ഇല്ലാത്തത് എന്നും ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി അനുഭവിക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ശോഭ സുരേന്ദ്രന്റെ പരാമര്‍ശം. ‘എന്റെ സുപ്രീം കോടതി എന്നുപറയുന്നത് ഗുരുവായൂരപ്പനാണ്. കേരളത്തിൽ കോടിയേരി ബാലകൃഷ്ണൻ സനാതന മൂല്യത്തെ വെല്ലുവിളിച്ചു. ഇപ്പോൾ നമ്മോടൊപ്പമില്ല അദ്ദേഹം. എത്ര വേദനയാണ് അദ്ദേഹം ജീവിതത്തിൽ ഏറ്റുവാങ്ങിയത്? ഇന്ത്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായ പിണറായി വജയൻ രാജ്യത്ത് ഒരു മീറ്റിങ്ങിന് വന്ന് നടന്നുപോകുമ്പോൾ അദ്ദേഹത്തെ ചൂണ്ടി മറ്റ് മുഖ്യമന്ത്രിമാർ ചിരിക്കുകയാണ്. അങ്ങനെയുള്ള ഒരവസ്ഥ അദ്ദേഹത്തിന് എങ്ങനെയുണ്ടായി? ശബരിമലയെ തകർക്കാൻ വേണ്ടി, വിശ്വാസത്തെ തകർക്കാൻ വേണ്ടി പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഉപയോഗിച്ച് വിശ്വാസമില്ലാത്ത സ്ത്രീകളെ മലകയറ്റിച്ചതിന്റെ ബാക്കിപത്രമാണ്. ഇത് പലരും അനുഭവിക്കുന്നുണ്ട്’ -ശോഭ പറഞ്ഞു.
ആർ.എസ്.എസിനെ എതിർക്കുന്നവർക്കെല്ലാം ഇതുപോലുള്ള തിക്താനുഭവങ്ങൾ ആയിരിക്കും ജീവിതത്തിൽ ഉണ്ടാവുക എന്നതാണ് ശോഭാ സുരേന്ദ്രൻ പറയാതെ പറയുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ‘സനാതന മൂല്യത്തെ എതിർക്കുന്നവർക്കെല്ലാം അസുഖം വന്നു മരണമുണ്ടാകും എന്നതാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. സനാതന ധർമ്മത്തെ എതിർക്കുന്നു എന്നല്ല ശോഭ സുരേന്ദ്രൻ ലക്ഷ്യം വെക്കുന്നത്. സനാതന ധർമ്മത്തെ മുൻനിർത്തി ആർഎസ്എസിനെ എതിർക്കുന്നവർക്കെല്ലാം ജീവിതത്തിൽ ഇതുപോലുള്ള തിക്താനുഭവങ്ങൾ ആയിരിക്കും ഉണ്ടാവുക എന്നതാണ് പറയാതെ പറയുന്നത്. പിണറായി വിജയനും ഇനി ഇതുപോലുള്ള ഒരു അനുഭവം ആയിരിക്കും വരുന്നത് എന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. ഒരിക്കലും ആർ.എസ്.എസിന് കീഴ്പ്പെട്ട ജീവിതമല്ല
പിണറായിയുടേയും കോടിയേരി ബാലകൃഷ്ണന്റേതും. മരിക്കുന്നതുവരെ ആർഎസ്എസിന് കീഴ്പ്പെടാതെയാണ് കോടിയേരി ബാലകൃഷ്ണൻ ഈ നാട്ടിൽ ജീവിച്ചത്. ഇത്തരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിക്കുന്നവർ ശ്രദ്ധിക്കേണ്ടത്, ജനങ്ങളുടെ മനസ്സിൽ കോടിയേരി ആരായിരുന്നെന്നും എന്തായിരുന്നു എന്നും കൃത്യമായി അടയാളപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകൾക്കെതിരെ ജനങ്ങളും പാർട്ടി സഖാക്കളും പാർട്ടിയും കൃത്യമായി മറുപടി പറയും’ -ബിനീഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.