കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ രണ്ടാം ചോദ്യം ചെയ്യലിനുശേഷം മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ എൻ.ഐ.എ ഓഫിസ് വിട്ടത് കൂടുതൽ ആധിയോടെ. രാവിലെ 10ന് തുടങ്ങിയ ഒമ്പത് മണിക്കൂർ മാരത്തൺ ചോദ്യം ചെയ്യൽ അവസാനിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ചൊവ്വാഴ്ച ഹാജരാകാൻ നിർദേശിച്ച് ഇടിത്തീപോലെ എൻ.ഐ.എ വീണ്ടും നോട്ടീസ് നൽകിയത്. ഇതോടെ ചൊവ്വാഴ്ചയും ശിവശങ്കറിന് ആശങ്കയുടെ ദിനമായി മാറും.
ഏതെങ്കിലും രീതിയിൽ മുൻകൂർ ജാമ്യത്തിന് സമീപിച്ചാൽ കേസിൽ പങ്കുള്ളതായി ആരോപിക്കപ്പെടും. കൂടാതെ, യു.എ.പി.എ ചുമത്തിയ കേസായതിനാൽ മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയുമില്ല. അഭിഭാഷകനുമായി കൂടുതൽ ചർച്ച നടത്തി കൂടുതൽ കരുതലോടെയാകും ചൊവ്വാഴ്ച എത്തുക.
കസ്റ്റംസ് ശിവശങ്കറിൽനിന്ന് നേരത്തേ ശേഖരിച്ച മൊഴി, സരിത്ത്, സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവർ കസ്റ്റംസിന് നൽകിയ മൊഴി, ശിവശങ്കർ വ്യാഴാഴ്ച പൊലീസ് ക്ലബിൽവെച്ച് അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി, എൻ.ഐ.എ കസ്റ്റഡിയിലുണ്ടായിരുന്ന മറ്റ് പ്രതികൾ എൻ.ഐ.എക്ക് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ മൊഴി, ഇവ എല്ലാം മുന്നിൽവെച്ചായിരുന്നു ഉന്നത സംഘത്തിെൻറ ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിെൻറ പ്രധാന നിരീക്ഷകയായി ദക്ഷിണ മേഖല ഡി.ഐ.ജി കെ.ബി. വന്ദന മാറിയപ്പോൾ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥർക്കൊപ്പം ബംഗളൂരുവിൽനിന്നും ഹൈദരാബാദ് യൂനിറ്റിൽനിന്നുമുള്ള ഉദ്യോഗസ്ഥരാണ് പ്രധാനമായും ചോദ്യങ്ങൾ ഉന്നയിച്ചത്. അസി. പ്രോസിക്യൂട്ടറെയും ഒപ്പം കൂട്ടി. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഒഴിച്ച് പൂർണമായും തുടർച്ചയായാണ് നടന്നത്.
പ്രതികൾ ശിവശങ്കറുമായി നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങളിലേറെയും. പ്രതികളുമായി ഇദ്ദേഹത്തിന് വഴിവിട്ട ഇടപെടലുകൾ ഉണ്ടെന്ന് തന്നെയാണ് എൻ.ഐ.എ സംശയിക്കുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടതിലും ഇവർക്ക് ആദ്യം നിയമസഹായം ലഭിച്ചതിലും ഇദ്ദേഹത്തിന് പങ്കുള്ളതായി സംശയിക്കുന്നു. സ്വർണക്കടത്തിലും വിൽപനയിലും ഏതെങ്കിലും രീതിയിൽ അറിവുണ്ടായിരുന്നോ, നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നതിൽ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ നീളുന്നതെന്നാണ് വിവരം.