മഹാപ്രളയത്തിന്‍െറ ഓര്‍മകളുമായി ശിവേശ്വറിന്‍റെ കാര്‍ബോട്ട് നീറ്റിലിറക്കി
text_fieldsപെരിയാറിന്‍റെ കൈവഴിയായ കോയിക്കല്‍ക്കടവ് പുഴയിലൂടെ ശിവേശ്വറും മാതാപിതാക്കളും കാര്‍ ബോട്ടില്‍ സഞ്ചരിച്ചപ്പോള്‍
ചെങ്ങമനാട്: മഹാപ്രളയത്തിന്‍െറ ഓര്‍മ്മയില്‍ പഠനത്തിന്‍െറ ഭാഗമായി എട്ടാം ക്ളാസ് വിദ്യാര്‍ഥി ശിവേശ്വര്‍ നിര്‍മിച്ച കാര്‍ ബോട്ട് നീറ്റിലിറക്കി. ചെങ്ങമനാട് കണ്ടംതുരുത്ത് പുവ്വമ്പിള്ളി വീട്ടില്‍ അനുരാജിന്‍െറയും (ഡ്രൈവര്‍, ഐ.ജി.ഓഫീസ്) രതി മോളുടെയും ( സിവില്‍ എന്‍ജിനീയര്‍) ഏകമകന്‍ ശിവേശ്വര്‍ ( 13 ) കാര്‍ ആകൃതിയില്‍ നിര്‍മ്മിച്ച എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ ബോട്ടാണ് വെള്ളിയാഴ്ച രാവിലെ പെരിയാറിന്‍െറ കൈവഴിയായ ചെങ്ങമനാട് കോയിക്കല്‍ക്കടവില്‍ ഇറക്കിയത്.
കപ്രശ്ശേരി ഐ.എച്ച്.ആര്‍.ഡി സ്കൂളില്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ ശിവേശ്വര്‍ ചെറുപ്പം മുതല്‍ ടെക്നിക്കല്‍ പരമായ കാര്യങ്ങളില്‍ അഭിരുചി പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളും അധ്യാപകരും മറ്റും അത് പ്രോത്സാഹിപ്പിച്ചിരുന്നു. 2018ലെ മഹാപ്രളയത്തില്‍ പെരിയാര്‍ ചുറ്റപ്പെട്ട കണ്ടംതുരുത്ത് വെള്ളത്തില്‍ മുങ്ങി. വീടും കാറും വീട്ടുപകരണങ്ങളടക്കം പ്രളയത്തില്‍ നശിച്ചു. അന്ന് അനുരാജിന്‍െറ വീട്ടില്‍ വഞ്ചിയോ, ബോട്ടോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. പഠനത്തിന്‍െറ ഭാഗമായി ടെക്ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കാവുന്ന പ്രൊജക്ട് തയ്യാറാക്കാന്‍ അടുത്തിടെ സ്കൂളില്‍ നിന്ന് നിര്‍ദ്ദേശിച്ചു. അതോടെ ആദ്യം മനസില്‍ ഉദിച്ച ആശയം ബോട്ടായിരുന്നു.
മകന്‍െറ ആഗ്രഹത്തിന് അനുരാജും അദ്ദേഹത്തിന്‍െറ സുഹൃത്തും ആവശ്യമായ സഹായങ്ങള്‍ ചെയ്തു. പറവൂരിലെ സ്ക്രാപ്പ് കടയില്‍ നിന്ന് പണ്ടുകാലത്തെ ഫൈബര്‍ കാറിന്‍െറ ബോഡി വാങ്ങി. ഹീറോഹോണ്ട സ്പ്ളന്‍റര്‍ ബൈക്കിന്‍െറ എന്‍ജിനും സംഘടിപ്പിച്ചു. കാറിന്‍െറ വാതിലുകളും പിന്‍ഭാഗവും വെല്‍ഡ് ചെയ്ത് ബോട്ട് ആകൃതിയിലാക്കി. നാലു കസേരകളും സ്ഥാപിച്ചു. വെള്ളം കയറാതിരിക്കാനുള്ള സംവിധാനവും പെയിന്‍റിങ് ജോലിയും പൂര്‍ത്തിയാക്കി. കുത്തനെ തിരിയാന്‍ ഉഗ്രശേഷിയുള്ള മോട്ടോറാണ് ഘടിപ്പിച്ചിട്ടുള്ളത്. ലോക് ഡൗണ്‍ വേളയില്‍ ഒഴിവ് സമയത്തായിരുന്നു പണിപൂര്‍ത്തിയാക്കിയത്. മോട്ടോര്‍ അടക്കം 250 കിലോവോളം ഭാരം വരുന്ന ബോട്ടിന് 32000 രൂപയോളമാണ് ചെലവ്.
'അതിജീവനി' ഫ്ളഡ് റെസ്ക്യൂര്‍ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. മുഴുവന്‍ അറ്റകുറ്റപണികളും സുരക്ഷ സംവിധാനങ്ങളും നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമേ ബോട്ട് പുഴയില്‍ സ്ഥിരമായി ഓടിക്കുകയുള്ളു. തല്‍ക്കാലം വളര്‍ത്തുമൃഗങ്ങള്‍ക്ക് പുല്ല് കൊണ്ട് വരാന്‍ ഉപയോഗിക്കും. അടുത്ത ആഴ്ച ഓണ്‍ ലൈന്‍ വഴി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റില്‍ കാര്‍ ബോട്ടിന്‍െറ സഞ്ചാരം പ്രദര്‍ശിപ്പിക്കുമെന്നും ശിവേശ്വര്‍ പറഞ്ഞു.
ഗിയര്‍ ഇല്ലാത്ത സ്കൂട്ടര്‍ ഗിയര്‍ സ്ഥാപിച്ച് വികസപ്പിച്ചതടക്കം ഇതിനകം പല കരവിരുതുകളിലും കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മകന്‍െറ കഴിവ് വികസിപ്പിക്കാന്‍ ആവശ്യമായ എല്ലാ പ്രോത്സാഹനവും നല്‍കി വരുന്നതായി മാതാപിതാക്കളും പറഞ്ഞു. 12 അടി വ്യാസമുള്ള വളയത്തില്‍ ഇരുന്ന് ചവുട്ടാവുന്ന ഒരു ചക്രമുള്ള സൈക്കിള്‍ ( മോണോവീല്‍ സൈക്കിള്‍ ) നിര്‍മ്മിക്കാനാണ് അടുത്ത ശ്രമമെന്നും ശിവേശ്വര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

