മുഖ്യമന്ത്രി നൽകിയ ശിശുദിന സമ്മാനത്തിൽ ശിവാനി പഠിക്കും
text_fieldsഓൺലൈൻ പഠനത്തിന് മുഖ്യമന്ത്രിയുടെ സമ്മാനമായ ടാബ് ലെറ്റ് വെൻമേനാട്ടെ വീട്ടിലെത്തി കലക്ടർ എസ്. ഷാനവാസ് ശിവാനിക്ക് സമ്മാനിക്കുന്നു
പാവറട്ടി: അക്ഷരത്തെറ്റുകളുള്ളതും കത്തിനുവേണ്ട ഒൗപചാരികതകളില്ലാത്തതുമായ നാലാം ക്ലാസുകാരിയുടെ ഇ-മെയിലിനെ മുഖ്യമന്ത്രി നിസ്സാരമായല്ല കണ്ടത്. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണോ ലാപ്ടോപ്പോ ഇല്ലാത്ത സങ്കടമാണ് 11കാരി ശിവാനി മുഖ്യമന്ത്രി പിണറായി വിജയനെ ഇ-മെയിലിലൂടെ 10 ദിവസം മുമ്പ് അറിയിച്ചത്. മെയിൽ കിട്ടിയ മുഖ്യമന്ത്രി ശിവാനിക്ക് ശിശുദിന സമ്മാനമായി ടാബ് ലെറ്റ് എത്തിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ കലക്ടർ എസ്. ഷാനവാസ് വെൺമേനാട്ടെ വീട്ടിലെത്തിയാണ് സമ്മാനം കൈമാറിയത്.
പഠിക്കാൻ മൊബൈൽ ഫോണില്ലാതെ വിഷമിച്ച ശിവാനിയോട് അമ്മാവെൻറ മകളാണ് മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ചാൽ മതി, ഫോൺ കിട്ടുമെന്ന് തമാശയായി പറഞ്ഞത്. അതുപക്ഷേ, ശിവാനിക്ക് ഏറെ പ്രതീക്ഷ നൽകി. പിന്നെ എങ്ങനെ ഇ-മെയിൽ അയക്കുമെന്ന ചിന്തയായി. തുടർന്ന് അമ്മാവെൻറ മകളുടെ സഹായത്തോടെ മറ്റൊരു ഫോണിൽനിന്ന് വീട്ടിലെ അവസ്ഥ അറിയിച്ച് മെയിൽ അയക്കുകയായിരുന്നു.
മെയിൽ കിട്ടിയതോടെ മുഖ്യമന്ത്രിയിൽനിന്ന് ഉടൻ മറുപടി വന്നു. എന്നാൽ, കൂലിപ്പണിക്കാരനായ അച്ഛൻ എടമിനി മുരുകെൻറ ഫോണിലേക്ക് ശനിയാഴ്ച ഉച്ചക്ക് കലക്ടറുടെ ഓഫിസിൽനിന്ന് വിളിച്ച് അദ്ദേഹം വീട്ടിലേക്ക് വരുമെന്ന് അറിയിച്ചു. സംഗതി വിശ്വസിക്കാനാവാതെയും അമ്പരപ്പോടെയും അമ്മ രജിനിയും കുഞ്ഞനിയത്തിയും മുരുകനും കാത്തിരുന്നു. മൂന്നു മണിയോടെ നല്ലൊരു വഴിപോലുമില്ലാത്ത വീട്ടിലേക്ക് സമീപത്തെ വീടുകളുടെ പിറകിലൂടെ കലക്ടർ എത്തി. മധുരപലഹാരങ്ങൾക്കൊപ്പം ശിശുദിന ആശംസകളും മുഖ്യമന്ത്രി കൊടുത്തയച്ച ടാബ് ലെറ്റും സമ്മാനിച്ചു. പാവറട്ടി സെൻറ് ജോസഫ്സ് എൽ.പി സ്കൂൾ വിദ്യാർഥിനിയാണ് ശിവാനി. വരന്തരപ്പിള്ളിയിലുള്ള വിദ്യാർഥിക്കും സമ്മാനമായി ശനിയാഴ്ച ലാപ്ടോപ് നൽകിയിരുന്നു.