ശിവസേന വീണ്ടും പിളർപ്പിലേക്ക്; പാർട്ടി വിട്ടുപോകുന്ന എം.പിമാർക്ക് 50 കോടിയുടെ വാഗ്ദാനമെന്ന്
text_fieldsമുംബൈ: ഉദ്ധവ് താക്കറേ പക്ഷ ശിവസേന വീണ്ടും പിളർപ്പിലേക്ക്. പാർട്ടി രൂപവതകരണത്തിന്റെ അറുപതാം വാർഷികമായ വെള്ളിയാഴ്ചക്ക് മുമ്പേ പിളർപ്പുണ്ടാകുമെന്നാണ് സൂചന. താക്കറേ പക്ഷ ഒമ്പത് എം.പിമാരിൽ ആറു പേരും 20 എം.എൽ.എമാരിൽ 14പേരും പുതിയ ഗ്രൂപ്പുണ്ടാക്കി പിന്നീട് ഏകനാഥ് ഷിൻഡെ പക്ഷ ശിവസേനയിൽ ലയിക്കാനാണ് പദ്ധതി.
ഷിൻഡെ തുടക്കമിട്ട ‘ഓപ്പറേഷൻ ടൈഗർ’ അന്തിമഘട്ടത്തിലാണെന്ന് ഷിൻഡേ പക്ഷം അവകാശപ്പെട്ടിരുന്നു. തുടർന്ന് ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽനിന്ന് ആറ് എം.പിമാർ വിട്ടുനിന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പാർട്ടി ലോക്സഭാ കക്ഷി നേതാവ് അരവിന്ദ് സാവന്ത് സ്പീക്കർ ഓം ബിർളക്ക് കത്തെഴുതി.
തങ്ങളുടെ എം.പിമാരിൽ ചിലർ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമം നടത്തുന്നുവെന്നും അതിനായി അവർ അപേക്ഷ നൽകിയാൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കാറേക്ക് പറയാനുള്ളത് കൂടി പരിഗണിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വിട്ടുപോകുന്ന എം.പിമാർക്ക് 50 കോടി രൂപ വീതമാണ് ഓഫർ നൽകിയതെന്നും ഇപ്പോൾ 15 കോടി വീതം മുൻകൂറായി നൽകിയെന്നും പാർട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ആരോപിക്കുകയും ചെയ്തതോടെ പിളർപ്പ് ഉറപ്പായി.
നിലവിൽ ഉദ്ധവ് താക്കറേക്കൊപ്പം ഉറച്ചുനിൽക്കുന്ന എം.പി രാജാഭാഊ വാജേയും സമാന ആരോപണം ഉന്നയിച്ചു. കൂറുമാറ്റത്തിന് 50 കോടി രൂപയും കേന്ദ്രമന്ത്രി പദവും തനിക്കും വാഗ്ദാനം ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.
സഞ്ജയ്‌ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ക്കതിക്കർ, ഓംരാജെനായിക് നിമ്പാൽക്കർ, സഞ്ജയ് ജാദ്ധവ്, ഭാഉസാഹെബ് വാക്ക്ചൗരേ എന്നീ എം.പിമാരാണ് കൂറുമാറ്റത്തിന് ഒരുങ്ങി നിൽക്കുന്നത്. നാലുവർഷം മുമ്പ് ജൂണിലാണ് ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയായ മഹാ വികാസ് അഘാഡി സർക്കാറിനെ അട്ടിമറിച്ച് ഏക്നാഥ് ഷിൻഡെ ശിവസേന പിളർത്തിയത്. പിന്നീട് ബി.ജെ.പി പിന്തുണയിൽ ഷിൻഡെ മുഖ്യമന്ത്രിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

