ചോരാതെ കാക്കാം, ഷിറാഫുദ്ദീെൻറ കുടക്ക് കീഴിലുള്ളത് ഏഴ് ജീവൻ
text_fieldsഷൊർണൂർ: മഴക്കാലമായി... ഒരു കുട വാങ്ങണമെന്ന് തോന്നിയാൽ ഷൊർണൂർ നമ്പ്രം കോളനിയിലെ ഷിറാഫുദ്ദീനെ ഓർക്കുക. വീൽ ചെയറിലിരുന്ന് ഈ യുവാവ് തുന്നുന്ന ഓരോ കുടയിലും വീട്ടിലെ ഏഴ് പേരുടെ ഉപജീവനത്തിനായുള്ള സ്പന്ദനമുണ്ട്. നമ്പ്രം പുത്തൻപീടികയിൽ ഷിറാഫുദ്ദീൻ എന്ന 31കാരെൻറ ജീവിതം വീൽചെയറിലാക്കിയത് 2016 ജൂലൈ 23ന് ഷൊർണൂർ എസ്.എം.പി ജങ്ഷനിലുണ്ടായ അപകടമാണ്.
ബസ് കാത്തുനിന്ന യുവാവിനെ തൃശൂർ ഭാഗത്തുനിന്ന് വന്ന ബസ് തെറ്റായ ദിശയിലേക്ക് തിരിഞ്ഞ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ് ഏഴ് മാസത്തോളം വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും അരക്ക് താഴെ തളർന്നു. ദുബൈയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ജീവിതത്തെ തകിടംമറിച്ച അപകടം. രണ്ടാമത്തെ കുട്ടി ജനിക്കുന്ന സമയത്ത് നാട്ടിലെത്തിയ ഷിറാഫിെൻറ കുട്ടികൾക്ക് ഏഴും നാലും വയസ്സായി. ഭാര്യയും ഭാര്യാമാതാവും സഹോദരിയുടെ രണ്ട് കുട്ടികളുമായി ഏഴ് പേരുള്ള കുടുംബത്തിെൻറ അത്താണിയാണ് ഈ ചെറുപ്പക്കാരൻ.
ജീവിതത്തിന് മുന്നിൽ തോൽക്കാതിരിക്കാൻ ആദ്യം ചെയ്തത് പേപ്പർ പേന നിർമാണമാണ്. ഏപ്രിൽ ആദ്യവാരം 10,000 പേപ്പർ പേനക്ക് ഓർഡറുണ്ടായിരുന്നു. അതുണ്ടാക്കിയപ്പോഴേക്കുമാണ് ലോക്ഡൗണായത്. അതോടെ പേന കെട്ടിക്കിടന്നു. ഇതിനിടെ, എടത്തനാട്ടുകര ഗവ. സ്കൂളിലെ അധ്യാപകനായ ഉണ്ണികൃഷ്ണൻ കുട നിർമാണം പഠിപ്പിച്ചു. ബ്രാൻഡഡ് കമ്പനികളുടെ അസംസ്കൃത വസ്തുക്കൾകൊണ്ടാണ് കുട നിർമാണം. തുന്നൽ കൂലി മാത്രം വാങ്ങിയാണ് വിൽപന. രണ്ട് മണിക്കൂറിൽ കൂടുതൽ ഇരിക്കാനാവാത്തതാണ് ഇപ്പോഴനുഭവിക്കുന്ന പ്രധാന പ്രശ്നമെന്ന് ഷിറാഫുദ്ദീൻ പറയുന്നു. നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഒരുപാട് പേർക്ക് മോട്ടിവേഷൻ ക്ലാസെടുക്കുന്നതിന് പുറമെ േപപ്പർ പേന, കുട നിർമാണം എന്നിവയിൽ പരിശീലനവും നൽകുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ഡിസ്ഏബിൾഡ് അംബ്രല്ല എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
