‘കപ്പൽ പാത അപകട മേഖലയാകുന്നത് അന്വേഷിക്കണം’
text_fieldsകോഴിക്കോട്: ബേപ്പൂരിനും അഴീക്കലിനുമിടയിൽ 650 കണ്ടെയ്നറുമായി സഞ്ചരിച്ച എൻ.വി വാൻഹായ് 503 എന്ന സിങ്കപ്പൂർ ആസ്ഥാനമായ കപ്പലിന് തീപിടിച്ച സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അടിയന്തരമായി അന്വേഷിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
തീരക്കടൽ കപ്പൽ പാത നിരന്തര അപകടമേഖലയാകുന്നത് മത്സ്യബന്ധനത്തിനും കടലിന്റെ ആവാസവ്യവസ്ഥക്കും ഭീഷണിയാണ്. കപ്പലുകൾ മുങ്ങുകയും തീപിടിക്കുകയും കണ്ടെയ്നറുകൾ കടലിനടിയിൽ അലക്ഷ്യമായി ഒഴുകിനടക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിസ്സംഗത പാലിക്കുകയാണ്. ആലപ്പുഴ തോട്ടപ്പള്ളി പടിഞ്ഞാറ് കടലിൽ കപ്പൽ മുങ്ങി രണ്ടാഴ്ചയായിട്ടും കപ്പലും കണ്ടെയ്നറുകളും നീക്കം ചെയ്യാനോ തീരത്തടിഞ്ഞ കണ്ടെയ്നറുകളിലെ അപകടകരമായ മാലിന്യങ്ങൾ നീക്കാനോ ദുരന്തനിവാരണ അതോറിറ്റിക്കും സംസ്ഥാന സർക്കാറിനുമായിട്ടില്ല.
ബേപ്പൂരിലെയും ആലപ്പുഴ തോട്ടപ്പള്ളിയിലെയും കപ്പൽ അപകടങ്ങൾ സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കുകയും തീരക്കടൽ കപ്പൽ പാതയിലെ നിയമവിരുദ്ധ കപ്പൽ സർവിസുകൾ തടയുകയും വിഴിഞ്ഞം, കൊച്ചി, ബേപ്പൂർ അടക്കമുള്ള പോർട്ടുകളിൽ എത്തുന്ന വിദേശ കപ്പലുകളുടെ ഗതാഗതം കർശനമായ മാരിടൈം നിയമങ്ങൾക്ക് വിധേയമാക്കുകയും ചെയ്യണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിലും ജനറൽ സെക്രട്ടറി എം.പി. അബ്ദുൽറാസിക്കും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.