കപ്പൽ കൂടുതൽ ചെരിഞ്ഞു, അവശേഷിച്ച ജീവനക്കാരെയും മാറ്റി; കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീഴുന്നു
text_fieldsകൊച്ചി: അറബിക്കടലിൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ (70.376 കി.മീ.) അകലെ ചെരിഞ്ഞ ചരക്കുകപ്പൽ എം.എസ്.സി എൽസ മുങ്ങിത്താഴുമെന്ന് ആശങ്ക. കപ്പൽ കൂടുതൽ ചെരിയുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. 28 ഡിഗ്രീയായി കപ്പലിന്‍റെ ചെരിവ് വർധിച്ചു. ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. നേരത്തെ എട്ട് കണ്ടെയ്നറുകളായിരുന്നു കടലിലേക്ക് വീണത്. കപ്പലിൽ തുടർന്നിരുന്ന മൂന്ന് ജീവനക്കാരെയും സുരക്ഷിതമായി മാറ്റി. 400ഓളം കണ്ടെയ്നറുകൾ കപ്പലിലുണ്ടെന്നാണ് വിവരം.
കപ്പലിന്‍റെ ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, രണ്ടാം ചീഫ് എൻജിനീയർ എന്നിവർ കപ്പലിൽ തുടർന്നിരുന്നു. കപ്പൽ സാധാരണ നിലയിലേക്ക് വരികയാണെങ്കിൽ നിയന്ത്രണം വീണ്ടെടുക്കാനായിരുന്നു ഇവർ തുടർന്നത്. എന്നാൽ, കൂടുതൽ ചെരിഞ്ഞതോടെ ഇവരെ മാറ്റുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഒമ്പതുപേർ അപകട സമയത്ത് തന്നെ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് കടലിൽ ചാടിയിരുന്നു. ഇവർ ഉൾപ്പെടെ 21 പേരെ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തി.
ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസയാണ് ശനിയാഴ്ച ഉച്ചക്ക് 1.25ഓടെ അപകടത്തിൽപെട്ടത്. കടലിൽ ചരിഞ്ഞ് അപകടകരമായ വസ്തുക്കളടങ്ങുന്ന കണ്ടെയ്നറുകൾ കടലിൽ പതിക്കുകയായിരുന്നു. കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ മറൈൻ ഗ്യാസൊലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നാവികസേന, കോസ്റ്റ്ഗാർഡ് കപ്പലുകളും വിമാനങ്ങളുമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
23ന് വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം. അടിയന്തരസഹായം ആവശ്യപ്പെട്ട് കപ്പലിൽനിന്ന് അറിയിപ്പ് ലഭിച്ചയുടൻ കോസ്റ്റ് ഗാർഡും നാവികസേനയും രക്ഷാപ്രവർത്തനം ആരംഭിച്ചു. കണ്ടെയ്നറിലെ അപകടകരമായ വസ്തുവിനെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളിലെത്തിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോടും ആവശ്യപ്പെട്ടു. കോസ്റ്റ് ഗാർഡ് കപ്പലുകൾ സംഭവസ്ഥലത്ത് വിന്യസിച്ചു. ചെറിയ ഡോണിയർ വിമാനങ്ങളയച്ച് ആകാശ നിരീക്ഷണവും നടത്തി. നാവിക സേനയുടെ ഒരു കപ്പലും രണ്ട് തീരസേന കപ്പലുകളുമാണ് അപകട സ്ഥലത്തെത്തിയത്.
ജാഗ്രത നിർദേശം; കണ്ടെയ്നറുകളിൽ തൊടരുത്
കണ്ടെയ്നറുകളിലെ അപകടകരമായ പദാർഥങ്ങൾ കടലിൽ വ്യാപിക്കുന്നതിനും കരക്കടിയുന്നതിനുമുള്ള സാധ്യതകൾ മുന്നിൽകണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രതനിർദേശം നൽകി. കേരള തീരത്ത് കാർഗോയും അതിലുള്ള എണ്ണയും വന്നടിയാനുള്ള സാധ്യതയുണ്ടെന്നും തീരത്ത് കണ്ടെയ്നറുകളോ മറ്റ് വസ്തുക്കളോ കണ്ടാൽ പൊതുജനങ്ങൾ ഒരുകാരണവശാലും സമീപത്തേക്ക് പോകരുതെന്നുമാണ് അറിയിപ്പ്. ചില പ്രദേശങ്ങളിലെങ്കിലും എണ്ണപ്പാട ഉണ്ടാകാനിടയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും തീരത്ത് പോകുന്ന വിനോദസഞ്ചാരികളും കണ്ടെയ്നറുകൾക്ക് സമീപത്തേക്ക് പോകരുത്. കാർഗോ വടക്കൻ കേരള തീരത്തേക്ക് എത്താനാണ് കൂടുതൽ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

