കപ്പൽ അപകടം: തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കം ചെയ്യാനായി ചേർന്ന യോഗത്തിന്‍റെ തീരുമാനങ്ങൾ ഇവയാണ്
text_fieldsതിരുവനന്തപുരം: കപ്പൽ അപകടത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് നീക്കം ചെയ്യാനായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചേർന്ന യോഗത്തിന്‍റെ തീരുമാനങ്ങൾ പുറത്ത്. അഞ്ച് പ്രധാന തീരുമാനങ്ങളാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്‍റേത്.
പ്രധാന തീരുമാനങ്ങൾ
1. എല്ലാ ജില്ലകളിലും വിവരങ്ങൾ ബന്ധപ്പെട്ട കലക്ടർമാർ കൈമാറുന്നത് സർക്കാറിലെ ഒരു സിംഗിൾ പോയിന്റ് ഓഫ് കോൺടാക്റ്റിലൂടെ ആയിരിക്കണം
2. തീരത്തടിയുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രോട്ടോക്കോൾ സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് നൽകും
3. യാതൊരു കാരണവശാലും ആരും തീരത്തടിയുന്ന വസ്തുക്കളുടെ അടുത്ത് പോകാൻ പാടില്ല
4. വസ്തുക്കൾ തീരത്തടിഞ്ഞ സ്ഥലങ്ങളിൽ മൈക്ക് അനൗസ്മെന്റുകൾ നടത്താവുന്നതാണ്
5. സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ജില്ലാ കലക്ടർമാർ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്വീകരിക്കേണ്ടതാണ്
കപ്പൽ അപകടത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് സിവിൽ ഡിഫൻസിന്‍റെ സേവനം ഉപയോഗപ്പെടുത്തി നീക്കം ചെയ്യാനാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ കലക്ടർമാരുടെ അടിയന്തര യോഗം വിളിച്ചത്. ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി പൂർവസ്ഥിതി പാലിക്കാൻ വേഗത്തിൽ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെയ് 24നാണ് ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസ അപകടത്തിൽപെട്ടത്. 23ന് വിഴിഞ്ഞം തുറമുഖത്തു നിന്ന് പുറപ്പെട്ട കപ്പൽ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്താനിരിക്കെയാണ് അപകടം സംഭവിച്ചത്. കടലിൽ ചരിഞ്ഞ് അപകടകരമായ വസ്തുക്കളടങ്ങുന്ന 400ഓളം കണ്ടെയ്നറുകൾ കടലിൽ പതിക്കുകയായിരുന്നു. കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ മറൈൻ ഗ്യാസൊലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവ ഉണ്ടെന്നാണ് വിവരം.
അടിയന്തര സഹായം ആവശ്യപ്പെട്ട് കപ്പലിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡും നാവികസേനയും രക്ഷാപ്രവർത്തനം നടത്തി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഒമ്പതു പേർ അപകടസമയത്ത് തന്നെ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് കടലിൽ ചാടിയിരുന്നു. ഇവർ ഉൾപ്പെടെ 21 പേരെയും രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

