കപ്പൽ മുങ്ങിയ സംഭവം: നഷ്ടം കണക്കാക്കിയത് രേഖകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ
text_fieldsകൊച്ചി: കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്ന കമ്പനിയുടെ വാദം തള്ളിയാണ് 1227.62 കോടിയുടെ നഷ്ടപരിഹാരത്തിന് കോടതി ഉത്തരവിട്ടത്. കേരള തീരത്തുനിന്ന് 14.5 നോട്ടിക്കൽ മൈൽ ദൂരപരിധിക്കപ്പുറം നടന്ന അപകടത്തിൽ അഡ്മിറാൽറ്റി സ്യൂട്ട് നൽകാൻ കേന്ദ്ര സർക്കാറിനേ കഴിയൂവെന്ന് എം.എസ്.സി കമ്പനി വാദിച്ചിരുന്നു. എന്നാൽ, സമുദ്രാതിർത്തിക്കു പുറത്തു നടന്നാലും അതിന്റെ പ്രത്യാഘാതങ്ങൾ കേരളത്തിന്റെ സമുദ്രാതിർത്തിയിലേക്കും വ്യാപിക്കുമെന്നതിനാൽ സംസ്ഥാന സർക്കാറിന്റെ ഹരജിക്ക് സാധുതയുണ്ടെന്നായിരുന്നു കോടതി വിലയിരുത്തൽ. അതേസമയം, നഷ്ടം എത്രയെന്നും പരിഹാര, പുനരുദ്ധാരണ നടപടികൾക്ക് എന്ത, ചെലവു വരുമെന്നതും അന്തിമമായി തീരുമാനിക്കേണ്ടത് വിചാരണയിലാണെന്നും കോടതി വ്യക്തമാക്കി.
എണ്ണച്ചോർച്ചയുടെ പേരിൽ 8554.39 കോടി നഷ്ടപരിഹാരം സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇതിനാവശ്യമായ തെളിവുകൾ പ്രഥമദൃഷ്ട്യ സമർപ്പിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാറിന് നശിച്ച പരിസ്ഥിതി പുനഃസ്ഥാപിക്കാൻ പണച്ചെലവുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനാൽ എണ്ണച്ചോർച്ചയുടെ പേരിൽ 500 കോടിയുടെ സെക്യൂരിറ്റി മതിയാകുമെന്ന് കോടതി പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ടത് 8554.39 കോടിയാണ്. അപകടകാരിയായ രാസമാലിന്യങ്ങൾ മൂലമുള്ള നശീകരണത്തിന് സർക്കാർ ആവശ്യപ്പെട്ട 152.1 കോടി രൂപക്കുള്ള സെക്യൂരിറ്റി കോടതി ഒഴിവാക്കി. മത്സ്യബന്ധന തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിന് ആവശ്യപ്പെട്ടത് 160.51 കോടിയാണെങ്കിലും അനുവദിച്ചത് 54.93 കോടിയാണ്.
കാർഗോ മലിനീകരണത്തിന് ആവശ്യപ്പെട്ടത് 71.7 കോടിയാണ്. അനുവദിച്ചത് 41.31 കോടി. മലിനീകരണ പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 18 കോടി. അനുവദിച്ചത് മൂന്നുകോടി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെലവ് (1.38 കോടി), ഫിഷറീസ് വകുപ്പിന്റെ പഠനം (0.45), പ്ലാസ്റ്റിക് മലിനീകരണ പരിഹാരം (150.45), ഇതര മലിനീകരണ പരിഹാരം (56.10), വിപണിയിലെ ഭീതിമൂലം മത്സ്യത്തൊഴിലാളികളുടെ നഷ്ടം (349), മത്സ്യലഭ്യത നഷ്ടം (71) ഇനങ്ങളിൽ സർക്കാർ ആവശ്യപ്പെട്ടത് അനുവദിച്ചു. സെക്യൂരിറ്റി എന്നനിലയിൽ കപ്പൽ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

