കപ്പൽ മുങ്ങിയ സംഭവം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: കൊച്ചിയിൽ കപ്പൽ മുങ്ങിയതിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കെ.സി. വേണുഗോപാൽ എം.പി. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലായ എം.എസ്.സി എൽസ-3 കപ്പൽ കടലിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്നുണ്ടായ ഗുരുതര പ്രശ്നങ്ങളിലേക്ക് അടിയന്തര ശ്രദ്ധ ക്ഷണിച്ചാണ് കത്ത്. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്പിൽവേയുടെ തീരത്ത് നിന്ന് ഏകദേശം 14.6 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ മുങ്ങിയതെന്നത് തീരവാസികളെ ഏറെ ആശങ്കയിലാക്കുന്നതായും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
കപ്പലിൽ 623 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നു. അതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വെള്ളത്തിൽ മുങ്ങിയ ഈ കണ്ടെയ്‌നറുകളിൽ പലതും ഇപ്പോൾ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചെറിയഴീക്കൽ, നീണ്ടകര, തൃക്കുന്നപ്പുഴ എന്നിവം ഉൾപ്പെടെ നിരവധി തീരപ്രദേശങ്ങളിൽ കരക്കടിഞ്ഞിട്ടുണ്ട്. ഈ സംഭവം ഗുരുതരമായ പാരിസ്ഥിതിക ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സമുദ്ര ജൈവവൈവിധ്യത്തെയും മത്സ്യബന്ധന ഉപജീവനമാർഗ്ഗത്തെയും പൊതുജനാരോഗ്യത്തെയും ഗുരുതരമായ രീതിയിൽ ബാധിക്കാൻ സാധ്യതയുള്ള അപകടകരമായ രാസവസ്തുക്കളുടെയും എണ്ണയുടെയും ചോർച്ചയെ കുറിച്ചും കത്തിൽ വേണുഗോപാൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
പരിസ്ഥിതി പ്രശ്നങ്ങൾക്കും തീരദേശ ജനതക്ക് ഭീഷണിയാകാനുമുള്ള സാധ്യത കണക്കിലെടുത്ത്, കെമിക്കൽ, സമുദ്ര, പരിസ്ഥിതി സുരക്ഷാ വിദഗ്ധരെ ഉൾപ്പെടുത്തി ദേശീയ ദുരന്ത നിവാരണസേനയുടെ ഉന്നതതല വിദഗ്ദ്ധ സംഘത്തെ ബാധിത തീരപ്രദേശത്ത് ഉടൻ വിന്യസിക്കണം.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആഘാതം ലഘൂകരിക്കുന്നതിനും സുരക്ഷാ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം. അതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കണം. ഉപജീവനത്തിനായി കടലിനെ ആശ്രയിക്കുന്ന ദുർബലരായ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും ആശങ്ക അകറ്റുന്നതുമായ നടപടികൾ സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

