കപ്പൽ മുങ്ങിയ സംഭവം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
text_fieldsകൊച്ചി: ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് കൊച്ചി കടലിൽ അപകടത്തിൽപെട്ട് ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ആണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നതിനിടയിലാണ് തീരുമാനം. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി കടലിൽ രാസവസ്തുക്കൾ അടക്കം പടരുന്നത് തടയാൻ പുതിയ നടപടിക്രമങ്ങൾ സ്വീകരിക്കും.
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പല്‍ അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. ഇത് സംസ്ഥാനത്തിൻ്റെ വിവിധ തീരത്തടിഞ്ഞതിനാൽ സുരക്ഷിതമായി കരക്കുകയറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ നടപടി.
കപ്പലിലെ 643 കണ്ടെയ്നറുകളില്‍ 13 എണ്ണം അപകടകരമായ വസ്തുക്കളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. സാമ്പത്തിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. മറിഞ്ഞ കപ്പലിലെ എണ്ണ കടലിൽ കലരുന്നത് തടയാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് സർക്കാർ നടത്തിയ പ്രയത്നം വിജയിച്ചിരുന്നു.
ഇതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയാണുണ്ടായത്. അതിനിടെ, കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

