കപ്പൽ ദുരന്തം: നഷ്ടപരിഹാര സാധ്യത തേടി സർക്കാർ
text_fieldsതിരുവനന്തപുരം: കൊച്ചി കപ്പലപകടത്തിൽ കപ്പലുടമകളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിന് സർക്കാർ ശ്രമം. അപകടംമൂലം കടലിലും തീരമേഖലയിലുമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്.
ഇതിന്റെ തുടർച്ചയായി കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരത്തിനായി ഇടപെടൽ നടത്തും. കപ്പൽ കമ്പനിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനാണ് ലക്ഷ്യമിടുന്നത്. വിഷയം കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയതിന് പിന്നാലെ, ഇതുസംബന്ധിച്ച് വിശദാംശങ്ങൾ വിവരിച്ചുള്ള കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കപ്പലുടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി പ്രതിനിധികൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ കടലിലും കരയിലും നടക്കുന്ന പ്രവർത്തനങ്ങൾക്ക് എം.എസ്.സി സർക്കാറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന അപകടമാണ് സംഭവിച്ചതെന്നും കണ്ടെയ്നർ ഭാഗങ്ങൾ നീക്കൽ, രാസവസ്തുക്കളുടെ ചോർച്ച ഒഴിവാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെലവേറിയതാണെന്നുമാണ് സർക്കാർ വാദം. കടലിനടിയിലേക്ക് പോയ കപ്പലിലെ ശേഷിക്കുന്ന കണ്ടെയ്നറുകൾ ഉയർത്തുന്ന ഭീഷണിയടക്കം പരിഹരിക്കാൻ ഈ രംഗത്തെ വിവിധ സ്ഥാപനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ ബാധ്യത വരുന്നതിനാൽ നഷ്ടപരിഹാരം അനിവാര്യമാണെന്ന നിലപാടാണ് സർക്കാറിനുള്ളത്. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് സാധ്യത.
അതേസമയം കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി കെ. രാജന്റെ പ്രതികരണം.
നിലവിൽ അപകടം കടലിലും തീരത്തും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അതിന്റെ ചെലവ് വഹിക്കാൻ ബന്ധപ്പെട്ടവർക്ക് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

