കപ്പലപകടങ്ങൾ: മത്സ്യസമ്പത്തിന്‍റെയടക്കം നാശനഷ്ടം കണക്കാക്കണമെന്ന് ഹൈകോടതി; നഷ്ടപരിഹാരം ഈടാക്കാൻ കമ്പനിയുടെ മറ്റ് കപ്പലുകൾ അറസ്റ്റ് ചെയ്യാം
text_fieldsകൊച്ചി: കേരള തീരത്തെ രണ്ട് കപ്പൽ അപകടങ്ങളുമായി ബന്ധപ്പെട്ട നഷ്ടം നിശ്ചയിക്കുമ്പോൾ മത്സ്യസമ്പത്തിനുണ്ടായ നാശമടക്കം കണക്കിലെടുക്കണമെന്ന് ഹൈകോടതി. തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ വരെ എത്തുന്ന എക്സ്ക്ലൂസിവ് എക്കോണമിക് സോണിലുണ്ടാകുന്ന കപ്പലപകടങ്ങളുമായി ബന്ധപ്പെട്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കപ്പലപകടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കടക്കം നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹരജിയിലെ ഉത്തരവിലാണ് ഈ നിർദേശം. ഹരജിയിൽ കോടതിയെ സഹായിക്കാൻ അഡ്വ. അർജുൻ ശ്രീധറിനെ അമിക്കസ് ക്യൂറിയായും നിയമിച്ചു.
നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ ജില്ല കലക്ടർക്ക് പുറമെ ഷിപ്പിങ് ഡയറക്ടർ ജനറലിനും കഴിയും. നഷ്ടപരിഹാരം ഈടാക്കാൻ കമ്പനിയുടെ ഉടമസ്ഥതയിലുളള മറ്റ് കപ്പലുകൾ അറസ്റ്റ് ചെയ്യാം. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹരജിക്കാരന്‍റെ ആവശ്യം പരിശോധിക്കാൻ കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാറിന് നടപടിയെടുക്കാനാവില്ലെങ്കിൽ കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണം.
കണ്ണൂരിന് സമീപം അറബിക്കടലിൽ അഗ്നിക്കിരയായ എ.വി വാൻ ഹായ് 503 കപ്പലിൽ 1754 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതിലുള്ളത് കത്തുന്ന ദ്രവങ്ങളും മഷിയും തിന്നറുമടക്കം രാസവസ്തുക്കളും കീടനാശിനികളും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കളുമാണ്. സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കാനിടയുള്ളവയാണ് ഇതെന്നും അറിയിച്ചിട്ടുണ്ട്. മുങ്ങിയ കപ്പലുണ്ടാക്കുന്ന പരിസ്ഥിതി നാശം തിട്ടപ്പെടുത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

